കേരളം
പാലിയേക്കര ടോൾ പിരിവ് വിലക്ക് ചൊവ്വാഴ്ച വരെ തുടരും

കൊച്ചി : പാലിയേക്കരയിൽ ടോൾ പിരിക്കുന്നതിന് ഹൈക്കോടതി ഏർപ്പെടുത്തിയ വിലക്ക് തുടരും. ഹർജി ചൊവ്വാഴ്ച പരിഗണിക്കുമെന്ന് കോടതി വ‍്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ചെങ്കിലും വെള്ളിയാഴ്ച വരെ ടോൾ പിരിവിന് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയിരുന്നു.
ടോൾ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കണമെന്ന് കേന്ദ്രം സാവകാശം തേടിയതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ നടപടി.
ഗതാഗതകുരുക്ക് നിയന്ത്രിക്കുന്ന കാര‍്യത്തിൽ ദേശീയപാത അഥോറിറ്റിക്ക് വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കഴിഞ്ഞ ഓഗസ്റ്റ് ആറിന് ഹൈക്കോടതി പാലിയേക്കരയിൽ ടോൾ പിരിവിന് വിലക്ക് ഏർപ്പെടുത്തിയത്. ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ടോൾ പിരിവ് നിർത്തണമെന്ന ആവശ‍്യവുമായി പൊതുപ്രവർത്തകർ സമർപ്പിച്ച ഹർജിയിലാണ് നടപടി.