കേരളം

കണ്ണൂരിൽ മൈ ഗോൾഡ് എന്ന ജ്വല്ലറിയുടെ പേരിൽ വൻ സാമ്പത്തിക തട്ടിപ്പ്

കണ്ണൂർ : മട്ടന്നൂരിൽ മൈ ഗോൾഡ് എന്ന ജ്വല്ലറിയുടെ പേരിൽ വൻ സാമ്പത്തിക തട്ടിപ്പ് നടന്നതായി പരാതി. നിക്ഷേപവും പഴയ സ്വർണവുമായി ജ്വല്ലറി ഉടമകൾ മുങ്ങിയതോടെയാണ് തട്ടിപ്പിന് ഇരയായവർ പൊലീസിനെ സമീപിച്ചത്. ജ്വല്ലറിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തില്ലങ്കേരി, മുഴക്കുന്ന് സ്വദേശികളായ തഫ്സീർ ഹംസ, ഭാര്യ ഫസീല, ഷമീർ, ഭാര്യ ഹാജറ,ഫഹദ് എന്നിവർക്കെതിരെയാണ് പരാതി.

മൂന്നു വർഷം മുൻപാണ് മുഴക്കുന്ന് സ്വദേശികളായ പ്രവാസി മലയാളികൾ ചേർന്ന് മൈ ഗോൾഡ് എന്ന പേരിൽ മട്ടന്നൂരിൽ ജ്വല്ലറി ആരംഭിക്കുന്നത്. സംഘത്തിലെ രണ്ടു പേരുടെ ഭാര്യമാരും സ്ഥാപനത്തിൻ്റെ ഉടമകളായി ഉണ്ടായിരുന്നുവെന്നാണ് നിക്ഷേപകർ പറയുന്നത്. നിക്ഷേപകരെ വഞ്ചിച്ച് തിരുവോണത്തിൻ്റെ അടുത്ത ദിവസം അഞ്ചുപേരും നാട്ടിൽ നിന്ന് മുങ്ങുകയായിരുന്നുവെന്നാണ് തട്ടിപ്പിനിരയായവർ പറയുന്നത്. നിക്ഷേപം നടത്തിയവർക്ക് പുറമെ കൈയ്യിലെ സ്വർണ്ണം വിൽപ്പന നടത്തിയവരും വഞ്ചിക്കപ്പെട്ടു.

ഓണത്തിരക്കിനിടയിലാണ് കടയിലെ ആഭരണങ്ങളുമായി ഉടമകൾ കടന്നു കളഞ്ഞതെന്നാണ് നിക്ഷേപകർ ആരോപിക്കുന്നത്. ആഭരണ വിതരണക്കാരും തട്ടിപ്പിന് ഇരയായിട്ടുണ്ട്. 20 കോടിയോളം രൂപയുടെ തട്ടിപ്പ് സംബന്ധിച്ച് നിലവിൽ പരാതി ഉയർന്നിട്ടുണ്ട്. മട്ടന്നൂർ സ്റ്റേഷനിൽ കൂടുതൽ പരാതി ലഭിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. തട്ടിപ്പിനിരയായവർ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button