അന്തർദേശീയം

ഡീസൽ സബ്‌സിഡി നിർത്തലാക്കി; ഇക്വഡോർ പ്രസിഡന്റിന് നേരെ വധശ്രമം

ക്വിറ്റോ : ഇക്വഡോർ പ്രസിഡന്റ് ഡാനിയേൽ നൊബോവക്ക് നേരെ വധശ്രമം. ഡീസൽ സബ്‌സിഡി നിർത്തലാക്കിയതിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടെയാണ് പ്രതിഷേധക്കാർ പ്രസിഡന്റിന്റെ കാർ വളഞ്ഞ് വെടിയുതിർത്തത്. സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രസിഡന്റിന്റെ വാഹനത്തിൽ വെടിയുണ്ടകൾ പതിച്ചതിന്റെ അടയാളങ്ങൾ കണ്ടെത്തിയതായി പരിസ്ഥിതി- ഊർജ മന്ത്രി ഇനെസ് മൻസാനോ പറഞ്ഞു.

”പ്രസിഡന്റിന്റെ കാറിന് നേരെ വെടിയുതിർക്കുക, കല്ലെറിയുക, രാജ്യത്തിന്റെ പൊതുസ്വത്ത് നശിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ കുറ്റകരമാണ്. ഇത് അനുവദിക്കില്ല. പ്രതികൾക്കെതിരെ തീവ്രവാദക്കുറ്റത്തിനും വധശ്രമത്തിനും കേസെടുക്കും”- നൊബോവയുടെ ഓഫീസ് അറിയിച്ചു.

കനാർ പ്രവിശ്യയിലെ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് നൊബോവോയുടെ വാഹനം അഞ്ഞൂറോളം പ്രതിഷേധക്കാർ തടഞ്ഞുനിർത്തിയത്. വടികളും കല്ലുകളും കാറിന് നേരെ എറിഞ്ഞു. ഇതിനിടെയാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതായി മന്ത്രി ഇനെസ് മൻസാനോ പറഞ്ഞു.

സെപ്റ്റംബറിലും പ്രസിഡന്റിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇംബാബുറ പ്രവിശ്യയിലൂടെ കടന്നുപോവുകയായിരുന്നു പ്രസിഡന്റിന്റെ വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധക്കാർ കല്ലുകളും പടക്കങ്ങളും എറിയുകയായിരുന്നു.

പൊതുചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഡീസൽ സബ്‌സിഡി നിർത്തലാക്കിയതെന്നാണ് സർക്കാർ വാദം. എന്നാൽ സബ്‌സിഡി നിർത്തലാക്കിയത് മുതൽ വലിയ പ്രതിഷേധമാണ് രാജത്ത് നടക്കുന്നത്. പ്രതിഷേധക്കാർ റോഡുകൾ ഉപരോധിക്കുകയും പൊലീസും സുരക്ഷാ സേനയുമായി ഏറ്റുമുട്ടുകയും ചെയ്തിരുന്നു. സംഘർഷത്തിൽ ഒരാൾ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button