ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ 21ന് ഇന്ത്യ സന്ദര്‍ശിക്കും
ലണ്ടന്‍ ∙ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ 21ന് ഇന്ത്യ സന്ദര്‍ശിക്കും. ദ്വിദിന സന്ദര്‍ശനത്തിന് എത്തുന്ന അദ്ദേഹം 21ന് അഹമ്മദാബാദിലാണു വിമാനമിറങ്ങുക.
22നു ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തും. ബ്രിട്ടിഷ് പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.
അഹമ്മദാബാദില്‍ ബിസിനസ് പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളിലെയും മുഖ്യ വ്യവസായ മേഖലകളിലെ നിക്ഷേപങ്ങള്‍ സംബന്ധിച്ച പ്രഖ്യാപനവുമുണ്ടാകും. പ്രതിരോധം, വ്യാപാരം, സാമ്ബത്തിക സഹകരണം എന്നിവയിലൂന്നിയ ചര്‍ച്ചയാണു ഡല്‍ഹിയില്‍ നടക്കുക. സ്വതന്ത്ര വ്യാപാരക്കരാര്‍ സംബന്ധിച്ച യുകെ-ഇന്ത്യ മൂന്നാം തല ചര്‍ച്ച ഈ മാസാവസാനമാണു നടക്കുക.
കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയാകാന്‍ ബോറിസ് ജോണ്‍സനെ ക്ഷണിക്കുകയും അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്നു. പിന്നീട് കോവിഡ് പശ്ചാത്തലത്തില്‍ യാത്ര ഒഴിവാക്കി. ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവും വിദേശ അതിഥി ഇല്ലാതെയായിരുന്നു റിപ്പബ്ലിക് ദിനാഘോഷവും പരേഡും.