അന്തർദേശീയം

യുക്രെയ്ന് ആയുധം നൽകിയാൽ ‘തിരിച്ചടി പ്രവചനാതീതം’; യു.എസിനും സഖ്യരാജ്യങ്ങൾക്കും മുന്നറിയിപ്പുമായി റഷ്യ


മോസ്കോ: യുക്രെയ്ന് കൂടുതല്‍ ആ‍യുധങ്ങള്‍ നല്‍കാനുള്ള അമേരിക്കയുടെയും നാറ്റോ രാജ്യങ്ങളുടെയും നീക്കത്തിനെതിരെ മുന്നറിയിപ്പുമായി റഷ്യ.
ആയുധം നല്‍കിയാല്‍ തിരിച്ചടി പ്രവചനാതീതമായിരിക്കുമെന്ന് മോസ്കോയില്‍നിന്നുള്ള ഔദ്യോഗിക നയതന്ത്ര കുറിപ്പില്‍ പറയുന്നു. അമേരിക്കയിലെ ചാനലുകള്‍ ഇതിന്‍റെ പകര്‍പ്പ് പുറത്തുവിട്ടു.

അമേരിക്കയുടെയും നാറ്റോയുടെയും ആയുധ കയറ്റുമതി യുക്രെയ്നിലെ സംഘര്‍ഷത്തിന് ഇന്ധനം പകരുന്നതാണെന്നും ഇത് പ്രവചനാതീതമായ പ്രത്യാഘാതങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്നും രണ്ടു പേജുള്ള നയതന്ത്ര കുറിപ്പില്‍ പറയുന്നു. വാഷിങ്ടണ്ണിലെ റഷ്യന്‍ എംബസി വഴിയാണ് യു.എസ് സ്റ്റേറ്റ് ഡിപ്പോര്‍ട്മെന്‍റിന് കുറിപ്പ് അയച്ചുകൊടുത്തത്.

ചൊവ്വാഴ്ച അമേരിക്ക യുക്രെയ്ന് പുതിയ സൈനിക സഹായ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. യുക്രെയ്നിലെ റഷ്യന്‍ സൈനിക ശക്തിയുമായി കിടപിടിക്കാവുന്ന തരത്തിലുള്ള, ദീര്‍ഘദൂര മിസൈല്‍ ഉള്‍പ്പെടെ 800 മില്യണ്‍ കോടിയുടെ സൈനിക സഹായമാണ് യു.എസ് കൈമാറുന്നത്. യു.എസും നാറ്റോ രാജ്യങ്ങളും യുക്രെയ്ന് നല്‍കുന്ന സൈനിക സഹായം ഫലംകാണുന്നുവെന്നതിനുള്ള തെളിവാണ് റഷ്യയുടെ മുന്നറിയിപ്പെന്ന് മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

ആയുധങ്ങളുമായുള്ള ആദ്യ കപ്പല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യുക്രെയ്നില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുക്രെയ്നിലെ കിഴക്കന്‍ മേഖലയിലാണ് റഷ്യന്‍ സൈന്യം ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. യുദ്ധം തുടങ്ങിയതു മുതല്‍ യു.എസ് മൂന്നു ബില്യണ്‍ ഡോളറിന്‍റെ സൈനിക സഹായമാണ് യുക്രെയ്ന് നല്‍കിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button