യൂറോപ്യൻ യൂണിയൻ വാർത്തകൾ

ജർമ്മനിയുടെ ആകാശത്ത് കൂട്ടത്തോടെ ഡ്രോണുകൾ; മ്യൂണിക്ക് വിമാനത്താവളം അടച്ചിട്ടു

മ്യൂണിക് : അജ്ഞാത ഡ്രോണുകൾ ആകാശത്ത് വട്ടമിട്ടതിനെ തുടർന്ന് മ്യൂണിക് വിമാനത്താവളം ഏഴു മണിക്കൂറോളം അടച്ചിട്ടു. ജർമ്മനിയിലെ ഏറ്റവും തിരക്കു പിടിച്ച വിമാനത്താവളങ്ങളിലൊന്നാണ് മ്യൂണിക്. ഇവിടെ ഇറങ്ങേണ്ടിയിരുന്ന 15 വിമാനങ്ങൾ മറ്റു വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. വ്യാഴാഴ്ച്ച രാത്രി 11-നാണ് വിമാനത്താവളത്തിനു മുകളിൽ ഡ്രോണുകൾ കൂട്ടത്തോടെ പറന്നെത്തിയത്.

വെള്ളിയാഴ്ച്ച പുലർച്ചെ അഞ്ചു മണിയോടെ വ്യോമഗതാഗതം പുനഃസ്ഥാപിച്ചു. വിമാനത്താവളം അടച്ചതുമൂലം 19 വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തതായി ജർമ്മനിയിലെ ഏറ്റവും വലിയ യാത്രാവിമാന കമ്പനിയായ ലുഫ്താൻസ അറിയിച്ചു. ഇതിൽ ഏഷ്യയിലേക്കുള്ള മൂന്ന് ദീർഘദൂര വിമാനങ്ങളും ഉൾപ്പെടുന്നു. അവ പിന്നീട് പുനഃക്രമീകരിക്കും.

വിമാനങ്ങൾ മുടങ്ങിയതോടെ മ്യൂണിക് വിമാനത്താവളത്തിൽ യാത്രക്കാർ ഏറെ ദുരിതത്തിലായി. രാത്രിയായതോടെ ദുരിതം ഇരട്ടിച്ചതായി പല യാത്രക്കാരും വാർത്താ ചാനലുകളോട് പരാതിപ്പെട്ടു. മ്യൂണിക്കിലെ പ്രശസ്തമായ ഒക്ടോബർ ഫെസ്റ്റ് നടക്കുന്ന സമയമായതിനാൽ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.

ഡ്രോണുകൾ കണ്ടതിനെ തുടർന്ന് അടച്ചുപൂട്ടുന്ന യൂറോപ്പിലെ ഏറ്റവും പുതിയ വിമാനത്താവളമാണ് മ്യൂണിക്. ഡെൻമാർക്കിലെയും നോർവേയിലെയും ഒട്ടേറെ വിമാനത്താവളങ്ങൾക്ക് മുകളിൽ ഡ്രോണുകൾ പറന്നത് ഭീതി പരത്തിയിരുന്നു. മിക്ക വിമാനത്താവളങ്ങളും മണിക്കൂറുകളോളം അടച്ചിടേണ്ടിവന്നു. ഡെൻമാർക്ക് പിന്നീട് തങ്ങളുടെ വ്യോമാതിർത്തിയിൽ ഡ്രോൺ പറത്തിൽ നിരോധിക്കുകയും ചെയ്തു.

സെപ്റ്റംബർ അവസാനത്തോടെ റുമാനിയയിലും പോളണ്ടിലും ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. റഷ്യൻ യുദ്ധവിമാനങ്ങൾ എസ്‌തോണിയൻ വ്യോമാതിർത്തി ലംഘിച്ചെന്ന ആരോപണം ഇതിനിടയിൽ ഉണ്ടായി. ഇതിനെല്ലാം പിന്നിൽ റഷ്യയാണെന്നാണ് നാറ്റോ രാജ്യങ്ങളുടെ ആരോപണം. എന്നാൽ, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ ആരോപണം പരിഹസിച്ചു തള്ളുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button