ദേശീയം

ഇന്ത്യയില്‍ ഓരോ മണിക്കൂറിലും ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നു : എന്‍സിആര്‍ബി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : രാജ്യത്ത് ഓരോ മണിക്കൂറിലും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരാള്‍ ജീവനൊടുക്കുന്നു എന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) കണക്ക്. 2023 ലെ റിപ്പോര്‍ട്ടിലാണ് കണക്കുകളുള്ളത്. 2022 നെ അപേക്ഷിച്ച് 2023 ല്‍ ആത്മഹത്യകളുടെ എണ്ണം കുറഞ്ഞു. എന്നാല്‍ ആത്മഹത്യയുടെ എണ്ണവും ഭൂമിശാസ്ത്രപരമായ പ്രത്യേകതയും മാറ്റമില്ലാതെ തുടരുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ട് പ്രകാരം മഹാരാഷ്ട്ര ആണ് ആത്മഹത്യ നിരക്കില്‍ മുന്നിലുള്ളത്. 38.5 ശതമാനമാണ് മഹാരാഷ്ട്രയിലെ ആത്മഹത്യ നിരക്ക്. കര്‍ണാടകയാണ് രണ്ടാം സ്ഥാനത്ത്. 22.5 ശതമാനമാണ് സംസ്ഥാനത്തെ ആത്മഹത്യ നിരക്ക്. ആന്ധ്രാപ്രദേശ് (8.6%), മധ്യപ്രദേശ് (7.2%), തമിഴ്നാട് (5.9%) സംസ്ഥാനങ്ങളും പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലുണ്ട്.

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 10,786 പേരാണ് രാജ്യത്ത് 2023 ല്‍ ജീവനൊടുക്കിയത്. രാജ്യത്തെ മൊത്തം ആത്മഹ്യതളുടെ (171,418) 6.3 ശതമാനമാണ് ഈ കണക്ക്. ഇതില്‍ 4,690 കര്‍ഷകരും 6,096 കര്‍ഷകത്തൊഴിലാളികളും ഉള്‍പ്പെടുന്നു. ആത്മഹത്യ ചെയ്ത മൊത്തം കര്‍ഷകരില്‍ 4,553 പേര്‍ പുരുഷന്മാരും 137 പേര്‍ സ്ത്രീകളുമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, രാജ്യത്തെ 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും കര്‍ഷക ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. പശ്ചിമ ബംഗാള്‍, ബീഹാര്‍, ഒഡീഷ, ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, അരുണാചല്‍ പ്രദേശ്, ഗോവ, മണിപ്പൂര്‍, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര, ചണ്ഡീഗഡ് (യുടി), ഡല്‍ഹി (യുടി), ലക്ഷദ്വീപ് എന്നിവയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.

2022ല്‍ ആത്മഹത്യകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാത്ത ഉത്തരാഖണ്ഡ് ഇത്തപണ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ആത്മഹത്യകളുടെ ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയ ജാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇത്തവണ പട്ടികയില്‍ ഉള്‍പ്പെടുകയും ചെയ്തിട്ടില്ല. എന്നാല്‍ രാജ്യത്തെ ആകെ ആത്മഹത്യകളുടെ എണ്ണത്തില്‍ 0.3 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി എന്‍സിആര്‍ബി റിപ്പോര്‍ട്ട് പറയുന്നു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button