യുഎസില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരില്‍നിന്ന് ഓടിരക്ഷപ്പെട്ട് ഭക്ഷണവിതരണ ജോലിക്കാരന്‍

വാഷിങ്ടണ്‍ ഡിസി : പത്തോളം യുഎസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പിന്നാലെ. പിടികൊടുക്കാതെ ഓടിരക്ഷപ്പെട്ട് ഭക്ഷണവിതരണ ജോലിക്കാരന്‍. കഴിഞ്ഞദിവസം അമേരിക്കയിലെ ഷിക്കാഗോയില്‍ നടന്ന ഈ നാടകീയ രക്ഷപ്പെടലിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പിന്നാലെ എത്തിയതോടെയാണ് യുവാവ് പിടികൊടുക്കാതെ പാഞ്ഞത്. ഇതിനിടെ ‘പിടിയവനെ’ എന്ന് ഉദ്യോഗസ്ഥരില്‍ ഒരാള്‍ പറയുന്നതും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.
ഉദ്യോഗസ്ഥര്‍ തന്റെ അരികിലേക്ക് വരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ യുവാവ് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അതേസമയം, യുവാവിനെ പിടികൂടാന്‍ കഴിയാതെ പോയതിന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ പരിഹസിച്ചുകൊണ്ടുള്ള നിരവധി കമന്റുകളാണ് ഇതിനകം സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.
യുഎസിലെ കുടിയേറ്റ നിയന്ത്രണവുമായി ബന്ധപ്പെട്ട വെല്ലുവിളികളേക്കുറിച്ച് സജീവചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നതാണ് ഈ സംഭവമെന്ന് പലരും അഭിപ്രായപ്പെടുന്നു. നിലവിലെ സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്നും നാടുകടത്തപ്പെടുമോ എന്ന ഭീഷണിയിലാണ് പല കുടിയേറ്റക്കാരും ജീവിക്കുന്നതെന്നാണ് സാമൂഹികമാധ്യമമായ എക്‌സിലെ പല ഉപയോക്താക്കളുടെയും അഭിപ്രായം. അതേസമയം, ദേശീയസുരക്ഷയ്ക്കും യുഎസ് പൗരന്മാര്‍ക്ക് തൊഴില്‍സുരക്ഷ ഉറപ്പാക്കുന്നതിനും കുടിയേറ്റ നിയമങ്ങള്‍ കര്‍ക്കശമാക്കേണ്ടതുണ്ടെന്ന് മറുകൂട്ടര്‍ വാദിക്കുന്നു.
എബിസി7 ഷിക്കാഗോയുടെ റിപ്പോര്‍ട്ട് പ്രകാരം, കുട്ടികളടങ്ങിയ കുടുംബങ്ങള്‍ ഉള്‍പ്പെടെ നിരവധിപേരെയാണ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഞായറാഴ്ച വൈകുന്നേരത്തോടെ പിടികൂടിയിട്ടുള്ളത്.