ഗാസ സമാധാന പദ്ധതി പ്രഖ്യാപിച്ച് വൈറ്റ് ഹൗസ്; അംഗീകരിച്ച് ഇസ്രയേൽ

വാഷിങ്ടൺ ഡിസി : രണ്ട് വർഷമായി തുടരുന്ന ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി സമാധാന പദ്ധതി പ്രഖ്യാപിച്ച് വൈറ്റ് ഹൗസ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വൈറ്റ് ഹൗസിലെത്തി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സമാധാന പദ്ധതി പുറത്തിറക്കിയത്. ഗാസ വെടിനിർത്തലിന് യുഎസ് തയാറാക്കിയ പദ്ധതി ഇസ്രയേൽ അംഗീകരിച്ചു.
‘യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയെ പിന്തുണയ്ക്കുന്നുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഗാസയിൽ സമാധാനപരമായ സിവിലിയൻ ഭരണം ഉണ്ടാകും. ഹമാസിനെ നിരായുധീകരിക്കും. ഗാസയെ സൈനികമുക്തമാക്കും. ഹമാസിനെ നിരായുധീകരിക്കുന്നതിന്റെ വ്യാപ്തിക്കനുസരിച്ച് ഇസ്രയേൽ സൈന്യം ഗാസയിൽ നിന്നു പിന്മാറും. ഗാസ ഒരു പരിവർത്തനത്തിന് വിധേയമാകാതെ പലസ്തീൻ അതോറിറ്റിക്ക് അവിടെ ഒരു പങ്കും നിർവഹിക്കാൻ കഴിയില്ല. ട്രംപിന്റെ വെടിനിർത്തൽ പദ്ധതി ഹമാസ് നിരസിച്ചാൽ ഇസ്രയേൽ ജോലി പൂർത്തിയാക്കും.’ നെതന്യാഹു പറഞ്ഞു.
ബന്ദികളുടെ മോചനം, ഗാസയിൽ നിന്നുള്ള ഇസ്രയേലി പിന്മാറ്റം, ഹമാസിന്റെ കീഴടങ്ങൽ നിബന്ധനകൾ, പലസ്തീൻ പ്രദേശങ്ങൾ താൽക്കാലികമായി ഭരിക്കുന്നതിന് നോൺ- പൊളിറ്റിക്കൽ സമിതി രൂപീകരണം, ഗാസക്ക് മാനുഷിക സഹായത്തിനുള്ള പദ്ധതി എന്നിവ ഉൾപ്പെടുന്നതാണ് വൈറ്റ് ഹൗസിന്റെ സമാധാന പദ്ധതി. യുദ്ധം ഉടനടി അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരാനും ഇസ്രയേലി സുരക്ഷയ്ക്കും പലസ്തീന്റെ വിജയത്തിനും സാഹചര്യങ്ങൾ സൃഷ്ടിക്കാനുമാണ് സമാധാന പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു
വെടിനിർത്തൽ പദ്ധതി അംഗീകരിച്ച നെതന്യാഹുവിനോട് നന്ദി പറയുന്നു. നിർദേശങ്ങൾ ഇസ്രയേൽ ഔദ്യോഗികമായി അംഗീകരിച്ച് 72 മണിക്കൂറിനകം മുഴുവൻ ബന്ദികളെയും ഹമാസ് മോചിപ്പിക്കണം. ഗാസയുടെ പുനർനിർമാണത്തിന് തന്റെ അധ്യക്ഷതയിൽ ഇടക്കാല രാജ്യാന്തര സമിതി രൂപീകരിക്കും. മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബ്ലയർ അതിൽ അംഗമാകും. മറ്റ് അംഗങ്ങളുടെ പേരുകൾ ഉടൻ പ്രഖ്യാപിക്കും. ഹമാസിനും മറ്റു ഭീകരസംഘടനകൾക്കും സമിതിയിലോ ഗാസയുടെ ഭാവി ഭരണത്തിലോ ഒരു നിലയിലും യാതൊരു പങ്കും ഉണ്ടാകില്ല. ഗാസയിലെ സഹായവിതരണം യുഎൻ, റെഡ് ക്രസന്റ് ഉൾപ്പെടെ ഏജൻസികൾ വഴി നടത്തും. ട്രംപ് വ്യക്തമാക്കി.