ബുവലോയ് ചുഴലിക്കാറ്റ്; വിയറ്റ്നാമില്‍ എട്ടുമരണം, 17 പേരെ കാണാനില്ല

ഹനോയ് : ബുവലോയ് ചുഴലിക്കാറ്റ് കരതൊട്ടത്തിനുപിന്നാലെയുണ്ടായ അപകടങ്ങളില്‍ വിയറ്റ്നാമില്‍ എട്ടുമരണം. 17 പേരെ കാണാതായി. മത്സ്യബന്ധനത്തൊഴിലാളികളെയാണ് കാണാതായത്. ക്വാങ് ട്രി പ്രവിശ്യയില്‍ മത്സ്യബന്ധനത്തിനിടെ ഉയര്‍ന്ന തിരമാലകള്‍ ആഞ്ഞടിച്ചതിനെത്തുടര്‍ന്നാണ് രണ്ടുബോട്ടുകളിലുണ്ടായിരുന്ന 17 പേരെ കാണാതായത്. ചുഴലിക്കാറ്റിനിടെ മറ്റൊരു ബോട്ടുമായുള്ള ബന്ധം നഷ്ടപ്പെട്ടതായും സര്‍ക്കാരിന്റെ ദുരന്തനിവാരണ ഏജന്‍സി അറിയിച്ചു.
നിന് ബിന്‍ പ്രവിശ്യയില്‍ വിവിധ അപകടങ്ങളില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റതായി വിയറ്റ്നാം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹൂ പട്ടണത്തിൽ ഒരാൾ മുങ്ങിമരിച്ചു. താന്‍ ഹ്വാവ പ്രവിശ്യയിൽ മരം ഒടിഞ്ഞുവീണാണ് ഒരാൾ മരിച്ചത്.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് വിയറ്റ്നാം തീരത്ത് ബുവലോയ് ചുഴലിക്കാറ്റ് കരതൊട്ടത്. എട്ടുമീറ്ററോളം ഉയരത്തില്‍ തിരമാലകള്‍ രൂപപ്പെട്ടതായി ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിലും മഴയിലും നിരവധി വീടുകള്‍ തകര്‍ന്നു. വിവിധയിടങ്ങളില്‍ വൈദ്യുതിബന്ധം തകരാറിലായി. കനത്തമഴയില്‍ പല റോഡുകളും വെള്ളക്കെട്ടിലായി. വിയറ്റ്നാമില്‍ ബുവലോയ് ചുഴലിക്കാറ്റിനിടെ 245 വീടുകളാണ് തകര്‍ന്നത്. 1,400 ഹെക്ടര്‍ വരുന്ന നെല്‍ക്കൃഷിയും മറ്റ് കാര്‍ഷികവിളകളും നശിച്ചുവെന്ന് ദുരന്തനിവാരണ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബുവലോയ് ചുഴലിക്കാറ്റ് സഞ്ചരിച്ച പാതയില്‍ നിരവധി ഫാക്ടറികളുണ്ടെങ്കിലും വ്യാവസായിക മേഖലയിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. ബുവലോയ് ചുഴലിക്കാറ്റ് കരതൊടുന്നതിന് മുന്‍പ് വിയറ്റ്നാമീസ് ഗവണ്മെന്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായി 28,500 ആളുകളെ വിവിധപ്രദേശങ്ങളില്നിന്നായി ഒഴിപ്പിച്ചു.
വിമാനസര്‍വീസുകളെയും ചുഴലിക്കാറ്റ് ബാധിച്ചു. ചുഴലിക്കാറ്റ് കരതൊടുന്നതിന്റെ ഭാഗമായി ശനിയാഴ്ച മുതല്‍ വിയറ്റ്നാമില്‍ കനത്തമഴ പെയ്തിരുന്നു. പ്രളയസാധ്യതയും മണ്ണിടിച്ചില്‍ സാധ്യതയും കണക്കിലെടുത്താണ് ഗവണ്മെന്റ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചത്.
തിങ്കളാഴ്ച രാവിലെ പ്രാദേശികസമയം പതിനൊന്ന് മണിയോടെ ചുഴലിക്കാറ്റിന്റെ വേഗത കുറഞ്ഞ് ദുര്‍ബലമാവുകയും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ലാവോസ് ലക്ഷ്യമാക്കി നീങ്ങുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. അതേസമയം, ഫിലിപ്പീന്‍സില്‍ ബുവലോയ് ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 20 പേരാണ് മരിച്ചത്.