ഏഴ് മാസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി മറ്റന്നാൾ ഹൈദരാബാദിൽ വീണ്ടും കാമറക്ക് മുന്നിലേക്ക്

കൊച്ചി : ഏഴ് മാസങ്ങൾക്ക് ശേഷം മമ്മൂട്ടി വീണ്ടും കാമറക്ക് മുന്നിലേക്ക്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വീണ്ടും ചേരും. ഷൂട്ടിനായി മറ്റന്നാൾ മമ്മൂട്ടി ഹൈദരാബാദിലെത്തും.
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു താരം. മലയാളത്തിന്റെ മെഗാസ്റ്റാറിനെ കാണാത്ത ഏഴ് മാസം പ്രാർഥനകളോടെയാണ് സിനിമാ പ്രേമികൾ കഴിച്ചുകൂട്ടിയത്. അസുഖം ഭേദമായി തിരികെ വരുന്ന മമ്മൂട്ടിയെ വെള്ളിത്തിരയിൽ കാണാൻ കാത്തിരിക്കുകയാണ് ആരാധകര്‍. ജിതിൻ കെ. ജോസിന്റെ കളങ്കാവൽ ആണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. വില്ലൻ വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നതെന്നാണ് സൂചനകൾ.
ആന്‍റോ ജോസഫിന്‍റെ കുറിപ്പ് :-
പ്രിയപ്പെട്ട മമ്മൂക്ക വരുന്നു… മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തുടർന്ന് അഭിനയിക്കുവാൻ ഒക്ടോബർ ഒന്നുമുതൽ. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്നുമാത്രമേ കരുതുന്നുള്ളൂ. അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങുമുള്ളവരുടെ പ്രാർഥനകളുടെയും മനസാന്നിധ്യത്തിന്റെയും ബലത്തിൽ അതിജീവിച്ചു. മമ്മുക്ക ഹൈദരാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും. പ്രാർഥനകളിൽ കൂട്ടുവന്നവർക്കും, ഉലഞ്ഞപ്പോൾ തുണയായവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും.