ഗാസയില്‍ ‘പ്രത്യേകമായ ചിലത്’ സംഭവിക്കുമെന്ന് ട്രംപ്; ചര്‍ച്ചകളുണ്ടെന്ന് നെതന്യാഹു

വാഷിങ്ടണ്‍ ഡിസി : പശ്ചിമേഷ്യയെ അസ്വസ്ഥമാക്കുന്ന ഗാസ സംഘര്‍ഷത്തില്‍ ‘പ്രത്യേകമായ ചിലത്’ സംഭവിക്കാന്‍ പോകുന്നു എന്ന് സൂചന നല്‍കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് മുന്നോട്ട് വയ്ക്കുന്ന വെടിനിര്‍ത്തല്‍ പദ്ധതി, യുദ്ധാനന്തര ഭരണ സംവിധാനം എന്നിവയില്‍ ഇസ്രയേലിന് എതിര്‍പ്പ് തുടരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ട്രംപിന്റെ പ്രതികരണം. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതികള്‍ യുഎസിന് ഒപ്പം ചേര്‍ന്ന് മുന്നോട്ട് നീക്കുന്നു എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ട്രംപ് അവകാശപ്പെടുന്നതിനിടെ തിങ്കളാഴ്ച ഇസ്രയേല്‍ യുഎസ് ഉന്നതതല യോഗവും നിശ്ചയിച്ചിട്ടുണ്ട്. ഹമാസ് തടവിലാക്കിയ ബന്ദികളെ മോചിപ്പിക്കുന്നത് ഉള്‍പ്പെടുന്ന ഒരു സമഗ്ര പദ്ധതി നടപ്പിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും ട്രംപ് ഞായറാഴ്ച പങ്കുവച്ചിരുന്നു. ‘പശ്ചിമേഷ്യയില്‍ ഒരു മഹത്തായ നേട്ടത്തിന് ഞങ്ങള്‍ക്ക് അവസരമുണ്ട്, സവിശേഷമായ ഒരു കാര്യത്തിനായി എല്ലാവരും ഒരുങ്ങിയിരിക്കുകയാണ്. ഇതാദ്യമായിട്ടാണ്, ഞങ്ങളത് ചെയ്തിരിക്കും’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
എന്നാല്‍, ഞായറാഴ്ച വൈകി നെതന്യാഹു നടത്തിയ പ്രതികരണത്തില്‍ യുദ്ധം അവസാനിപ്പിക്കുന്നതില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ചര്‍ച്ച പുരോഗമിക്കുകയാണെന്നുമാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ വാദം. വെടിനിര്‍ത്തലിനായി പുതിയ നിര്‍ദേശങ്ങളൊന്നും മുന്നിലില്ലെന്ന് ഹമാസും പറയുന്നു. സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് മധ്യസ്ഥരില്‍ നിന്ന് ലഭിക്കുന്ന ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ ഉത്തരവാദിത്തത്തോടെ പരിശോധിക്കും എന്നാണ് ഹമാസ് നിലപാടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.