ഏഷ്യാകപ്പിൽ പ്രതീകാത്മകമായി കപ്പുയര്‍ത്തി പാകിസ്താനോട് സന്ധിയില്ലെന്ന നിലപാടിൽ ഉറച്ച് ടീം ഇന്ത്യ

ദുബായ് : ഏഷ്യാകപ്പിന് കൊടിയിറങ്ങുമ്പോഴും പഹല്‍ഗാം ഓര്‍ക്കുമ്പോള്‍ പാകിസ്താനോട് സന്ധിയില്ലെന്ന് തന്നെയാണ് ടീം ഇന്ത്യയുടെ ഉറച്ച നിലപാട്. പാകിസ്താന്‍ ആഭ്യന്തര മന്ത്രി കൂടിയായ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷന്‍ മൊഹ്‌സിന്‍ നഖ്‌വിയില്‍ നിന്ന് ട്രോഫി വാങ്ങാന്‍ ടീം ഇന്ത്യ തയ്യാറാകാത്തത് ഏഷ്യാ കപ്പിലെ മറ്റൊരു ചര്‍ച്ചാ വിഷയമായി.
‘നിലപാടിനേക്കാള്‍ വലുതല്ല കിരീടം’
നിലപാടിനേക്കാള്‍ വലുതല്ല കിരീടമെന്നാണ് ടീം ഇന്ത്യയുടെ പ്രഖ്യാപനം. പാകിസ്താന് കൈകൊടുക്കില്ലെന്ന നിലപാടില്‍ കിരീട നേട്ടത്തിനിടയിലും ടീം ഇന്ത്യ വെള്ളം ചേര്‍ത്തില്ല. പാകിസ്താന്‍ ആഭ്യന്തര മന്ത്രി കൂടിയായ ഏഷ്യന്‍ ക്രിക്കറ്റ് കൌണ്‍സില്‍ അധ്യഷന്‍ മൊഹ്‌സിന്‍ നഖ്‌വിയില്‍ നിന്ന് കപ്പ് വാങ്ങാന്‍ മടിച്ചാണ് ട്രോഫി സെറിമണി ഇന്ത്യന്‍ ടീം ബഹിഷ്‌കരിച്ചത്.
ഇന്ത്യന്‍ ടീം ട്രോഫി സ്വീകരിക്കാന്‍ വിസമ്മതിച്ചതോടെ മൊഹ്‌സിന്‍ നഖ്വി കപ്പുമായി മുങ്ങി. നഖ്‌വിയില്‍ നിന്ന് കപ്പ് വാങ്ങില്ലെന്ന് ഇന്ത്യ നിലപാടെടുത്തതോടെ മറ്റാര്‍ക്കും ചുമതല നല്‍കാതെയാണ് കപ്പുമായി നഖ്‌വി നാടകീയമായി കടന്നുകളഞ്ഞത്. കളിച്ചുനേടിയ അര്‍ഹതപ്പെട്ട കപ്പ് ആര്‍ക്കും നിഷേധിക്കാനാകില്ലെന്ന സന്ദേശം മുന്നോട്ടുവച്ച് ടീം ഇന്ത്യ പ്രതീകാത്മക കപ്പുയര്‍ത്തി. നഖ്വിയുടെ നടപടിയില്‍ ഐസിസി യോഗത്തില്‍ പ്രതിഷേധം അറിയിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി.
പഹല്‍ഗാം ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നതിനെതിരെ ഉയര്‍ന്നത് വ്യാപക വിമര്‍ശനങ്ങളായിരുന്നു. എന്നാല്‍ കളിച്ചും പാകിസ്താനെ കളി പഠിപ്പിച്ചുമായിരുന്നു ഇന്ത്യയുടെ സ്വീറ്റ് റിവഞ്ച്. ടൂര്‍ണമെന്റിനിടെ പാകിസ്താന്‍ താരങ്ങള്‍ക്ക്ഒരിക്കല്‍ പോലും കൈ കൊടുക്കാന്‍ ഇന്ത്യ തയ്യാറായില്ല. സൂപ്പര്‍ ഫോര്‍ മത്സരത്തിനിടെ ഗണ്‍ഫയര്‍ സെലിബ്രേഷന്‍ നടത്തിയും ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന തരത്തിലുള്ള ആംഗ്യം കാണിച്ചും പ്രകോപിക്കാന്‍ ശ്രമിച്ച പാകിസ്താന് ഫൈനലില്‍ കനത്ത മറുപടി തന്നെ ഇന്ത്യ നല്‍കി.
അടിമുടി ആവേശപ്പോര്
ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പാക്കിസ്ഥാന്‍ തുടരെത്തുടരെ ബൗണ്ടറികള്‍ പായിച്ചുകൊണ്ട് ഇന്ത്യന്‍ നിരയെയും, ആരാധകരെയും ഞെട്ടിച്ചു. പാകിസ്ഥാനുവേണ്ടി ഓപണര്‍ സാഹിബ്സാദ ഫര്‍ഹാന്‍ 57 റണ്‍സോടെ അര്‍ധസെഞ്ചുറി സ്വന്തമാക്കി. 84 റണ്‍സില്‍ എത്തിനില്‍ക്കേ പത്താം ഓവറിലെ നാലാം ബൗളില്‍ സാഹിബ്സാദ ഫര്‍ഹാനെ മടക്കി അയച്ചുകൊണ്ട് തുടക്കമിട്ട വിക്കറ്റ് വേട്ടയ്ക്ക് അന്ത്യം കുറിച്ചത് അവസാന ബാറ്ററേയും പുറത്താക്കിക്കൊണ്ടായിരുന്നു. പതിമൂന്നാം ഓവറില്‍ സെയ്ം അയൂബ്, പതിനാലാം ഓവറില്‍ മുഹമ്മദ് ഹാരിസ്, പതിനഞ്ചാം ഓവറില്‍ ഫഖര്‍ സമാന്‍, പതിനാറാം ഓവറില്‍ ഹുസൈന്‍ തലാത്ത്, പതിനേഴാം ഓവറില്‍ സല്‍മാന്‍ അലി ആഗ, ഷഹീന്‍ ഷാ അഫ്രീദി, ഫഹീം അഷ്റഫ്, പതിനെട്ടാം ഓവറില്‍ ഹാരിസ് റൗഫ്, ഇരുപതാം ഓവറില്‍ മുഹമ്മദ് നവാസ് എന്നിങ്ങനെ പാക് പടയെ എറിഞ്ഞു വീഴ്ത്തി. പാക് നിരയെ തകര്‍ക്കുന്നതില്‍ ഇന്ത്യയുടെ സ്പിന്നര്‍ കുല്‍ദീപ് യാദവ് നിര്‍ണായക പങ്കുവഹിച്ചു. പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയുടെ അടക്കം നാല് വിക്കറ്റുകളാണ് കുല്‍ദീപ് നേടിയത്. വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ട വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്ത്തിയിരുന്നു.
മറുപടി ബാറ്റിങ്ങിനായി കളത്തിലിറങ്ങിയ ഇന്ത്യയെ തുടക്കത്തില്‍ തന്നെ പാക് ഒന്ന് വിറപ്പിച്ചു. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഓപണര്‍ അഭിഷേക് ശര്‍മയെ പാക് ബൗളര്‍ ഫഹീം അഷ്റഫ് പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ പാക് ക്യാപ്റ്റന്‍ ആഗ ക്യാച്ചിലൂടെ മടക്കി അയച്ചു. മത്സരത്തിലേക്കുള്ള തിരിച്ചുവരവ് ആഗ്രഹിച്ച ഇന്ത്യയ്ക്ക് തിരിച്ചടിയായി ഫഹീം അഷ്റഫിന്റെ പന്ത് ഉയര്‍ത്തിയടിച്ച ശുഭ്മാന്‍ ഗില്ലിനെ ഹാരിസ് റൗഫ് കൈപ്പിടിയില്‍ ഒതുക്കി. ആവേശത്തിന്റെ കൊടുമുടിയില്‍ കയറ്റിയ മത്സരത്തില്‍ ഒന്‍പതാം ഓവറില്‍ അബ്രാര്‍ അഹമ്മദിന്റെ പന്ത് സഞ്ജു ഉയര്‍ത്തിയടിക്കുന്നു. വിക്കറ്റെന്ന് ഉറപ്പിച്ച് പാക് ആരാധകര്‍ ആഹ്ലാദിച്ചപ്പോള്‍ ഹുസൈന്‍ തലാത്തിന്റെ കയ്യില്‍ നിന്നും പന്ത് മൈതാനത്തേക്ക്. രണ്ടാമൂഴം ലഭിച്ച സഞ്ജുവിന് പതിമൂന്നാം ഓവറില്‍ അതെ അബ്രാറിന്റെ മുന്നില്‍ പിഴച്ചു. ഉയര്‍ത്തിയടിച്ച പന്ത് നേരെ സാഹിബ്സാദ ഫര്‍ഹാന്റെ കൈകളിലേക്ക്. പിന്നീട് കണ്ടത് പ്രതീക്ഷയുടെ പൊന്‍വെളിച്ചമായിരുന്നു. തിലക് – ദുബെ കൂട്ടുകെട്ട് പ്രതീക്ഷ നല്‍കി. പതിനാറാം ഓവറില്‍ തിലക് വര്‍മ്മ 41 പന്തില്‍ നിന്ന് അര്‍ധസെഞ്ചുറി നേട്ടത്തോടെ തിളങ്ങി. ആവേശത്തിന്റെ കൊടുമുടില്‍ നില്‍ക്കെ ഇന്ത്യയ്ക്ക് തിരിച്ചടിയായി ദുബെ പുറത്ത്. ഏറ്റവുമൊടുവില്‍ തിലക് വര്മയുടെയും റിങ്കു സിംഗിന്റെയും കൂട്ടുകെട്ടില്‍ കിറടത്തില്‍ മുത്തമിട്ട് ഇന്ത്യ. പാക് ബൗളിംഗ് നിരയില്‍ ഫഹീം അഷ്റഫ് രണ്ട് വൈകിട്ടോടെ തിളങ്ങി. ഷഹീന്‍ ഷാ അഫ്രീദി, അബ്രാര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.