യൂറോപ്യൻ യൂണിയൻ വാർത്തകൾ

തൊഴിലാളി പ്രതിഷേധം : ഇസ്രായേലിലേക്ക് ആയുധങ്ങൾ കൊണ്ടുപോകുന്ന ട്രക്കുകൾക്ക് പ്രവേശനം നിഷേധിച്ച് ഇറ്റലിയിലെ റവെന്ന തുറമുഖം

റോം : തൊഴിലാളി പ്രതിഷേധം ശക്തമായതോടെ ഇസ്രായേലിലേക്ക് ആയുധങ്ങളുമായി വന്ന ട്രക്കുകള്‍ തടഞ്ഞ് ഇറ്റാലിയൻ തുറമുഖം. ഇറ്റലിയിലെ റവെന്ന തുറമുഖമാണ് രണ്ട് ട്രക്കുകള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചത്.

ഗസ്സയിലെ ഇസ്രായേല്‍ വംശഹത്യക്കെതിരെ ഇറ്റാലിയന്‍ തുറമുഖ തൊഴിലാളികളും മറ്റ് തൊഴിലാളി ഗ്രൂപ്പുകളും പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് സംഭവം. കഴിഞ്ഞയാഴ്ച നടന്ന തുറമുഖ തൊഴിലാളികളുടെ പ്രതിഷേധത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്‌

ട്രക്കുകള്‍ എവിടെ നിന്നാണ് വന്നതെന്നതെന്നോ എന്താണ് അതിലുള്ളതെന്നോ ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നില്ല. സ്ഫോടക വസ്തുക്കള്‍ വഹിച്ച കണ്ടെയ്നറുകള്‍ എന്നാണ് റാവെന്ന മേയര്‍ അലസ്സാന്‍ഡ്രോ ബരാട്ടോണി പറയുന്നത്.

‘ഇസ്രായേല്‍ തുറമുഖമായ ഹൈഫയിലേക്കുള്ള യാത്രാമധ്യേ സ്‌ഫോടകവസ്തുക്കള്‍ വഹിച്ച ലോറികള്‍ക്ക് പ്രവേശനം നിഷേധിക്കണമെന്ന തന്റെയും പ്രാദേശിക സര്‍ക്കാരിന്റെയും അഭ്യര്‍ത്ഥന തുറമുഖ അതോറിറ്റി അംഗീകരിച്ചു’- റാവെന്നയിലെ മധ്യ-ഇടതുപക്ഷ മേയര്‍ അലസ്സാന്‍ഡ്രോ ബരാട്ടോണി പറഞ്ഞു.

‘ഇസ്രയേലിനുള്ള ആയുധ വില്‍പ്പന തടഞ്ഞതായി ഇറ്റാലിയന്‍ ഭരണകൂടം പറയുന്നു, എന്നാല്‍ ഉദ്യോഗസ്ഥതലത്തിലെ പഴുതുകള്‍ കാരണം അവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറ്റലിയിലൂടെ കടന്നുപോകാന്‍ കഴിയുമെന്നത് അംഗീകരിക്കാനാവില്ല,’ ബരാട്ടോണി വ്യക്തമാക്കി. ഫ്രാൻസ്, സ്വീഡൻ, ഗ്രീസ് തുടങ്ങിയ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ തുറമുഖ തൊഴിലാളികളും ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി തടയുന്നതിന് സമാനമായ നടപടി സ്വീകരിച്ചിട്ടുണ്ട്.

അതേസമയം വംശഹത്യക്കെതിരെ ആഗോളസമ്മർദം കനക്കുമ്പോഴും ഗസ്സയിൽ കൂട്ടക്കുരുതി തുടരുകയാണ് ഇസ്രയേൽ. ഇന്നലെ മാത്രം കൊല്ലപ്പെട്ടത്​ 91പേരാണ്. ഇസ്രായേൽ നടപടി, പശ്ചിമേഷ്യയെ സ്​ഫോടനാവസ്ഥയിൽ എത്തിച്ചതായി യു.എന്നിനു മുമ്പാകെ റഷ്യയും സൗദിയും വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button