ദുബൈ വിമാനത്താവളത്തിലെ ‘സ്മാർട്ട് റെഡ് കാർപെറ്റ് ‘ വൻ ഹിറ്റ്

ദുബൈ : ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ‘സ്മാർട്ട് റെഡ് കാർപെറ്റ് കോറിഡോറി’ന് മികച്ച പ്രതികരണം. എമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാൻ വേണ്ടിയാണ് അധികൃതർ ഈ മാർഗ്ഗം അവതരിപ്പിച്ചത്. യാത്രക്കാർ ഒരു പ്രത്യേക പാതയിലൂടെ കടന്നു പോയാൽ വളരെ പെട്ടെന്ന് എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയും.
കൂടുതൽ യാത്രക്കാർ ഇപ്പോൾ റെഡ് കാർപെറ്റ് ഉപയോഗിക്കാൻ തുടങ്ങിയതായി ജി ഡി ആർ എഫ് എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
‘സ്മാർട്ട് റെഡ് കാർപെറ്റിലൂടെ കടന്ന് പോകുമ്പോൾ തന്നെ നിർമ്മിത ബുദ്ധി നിങ്ങളെ തിരിച്ചറിയുകയും തുടർ നടപടികൾ പൂർത്തിയാക്കുകയും ചെയ്യും. അത്യാധുനിക സ്കാനിംഗ് സാങ്കേതികവിദ്യകൾ, മുഖം തിരിച്ചറിയൽ (Face Recognition), സ്മാർട്ട് സെൻസറുകൾ എന്നിവ റെഡ് കാർപെറ്റിന്റെ ഇരുവശത്തും സജ്ജീകരിച്ചിട്ടുണ്ട്. അവയുടെ പ്രവർത്തനമാണ് നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുന്നത്.
ഒരാളുടെ യാത്ര നടപടികൾ പൂർത്തിയാക്കാൻ ശരാശരി 6 മുതൽ 14 സെക്കൻഡ് വരെ മാത്രമേ ആവശ്യമായി വരുന്നുള്ളു. ഒരേ സമയം പത്ത് പേരുടെ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയും. പുതിയ സംവിധാനത്തിലൂടെ വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാൻ സാധിക്കുമെന്നും യാത്രക്കാർക്ക് മികച്ച അനുഭവം ഒരുക്കാൻ കഴിയുമെന്നും എയർപോർട്ട് അധികൃതർ പറഞ്ഞു.