യുറോപ്യൻ രാജ്യത്തെ ആക്രമിക്കാൻ പുടിൻ ഒരുങ്ങുന്നു : സെലൻസ്കി

കിയവ് : യുക്രെയ്ന് പുറമേ മറ്റൊരു യുറോപ്യൻ രാജ്യത്തെ കൂടി ആക്രമിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ ഒരുങ്ങുകയാണെന്ന ആരോപണവുമായി വ്ലാഡമിർ സെലൻസ്കി. യു.എൻ പൊതുസമ്മേളനത്തിനിടെ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് സെലൻസ്കിയുടെ പരാമർശം. പുടിൻ യുക്രയ്നിലെ യുദ്ധം തീരാൻ കാത്തിരിക്കില്ല. അതിന് മുമ്പ് തന്നെ മറ്റൊരു യുറോപ്യൻ രാജ്യത്തെ ആക്രമിക്കും.
ഏത് രാജ്യത്തെ പുടിൻ ആക്രമിക്കുമെന്ന് പറയാനാവില്ല. എന്നാൽ, പുടിൻ ആക്രമണം ആഗ്രഹിക്കുന്നുണ്ടെന്ന് സെലൻസ്കി പറഞ്ഞു. വ്യോമാക്രമണം തടുക്കാൻ യുറോപ്പിന് എത്ര ശേഷിയുണ്ടെന്ന് നിരന്തരമായി പരിശോധിക്കുകയാണ് പുടിനും റഷ്യയുംമെന്നും സെലൻസ്കി വ്യക്തമാക്കി. ഡെന്മാർക്ക്, പോളണ്ട്, റൊമേനിയ തുടങ്ങിയ രാജ്യങ്ങളിൽ റഷ്യൻ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത് ഇതിന്റെ ഭാഗമായെന്നും സെലൻസ്കി പറഞ്ഞു.
പോളണ്ടിനെ ലക്ഷ്യമിട്ടെത്തിയ 92 ഡ്രോണുകൾ കണ്ടുവെന്ന് സെലൻസ്കി പറഞ്ഞു. ഇതിൽ ഭൂരിപക്ഷത്തേയും തടയാൻ കഴിഞ്ഞു. എസ്റ്റോണിയയിൽ റഷ്യൻ യുദ്ധവിമാനങ്ങൾ എത്തിയതും വ്യോമസംവിധാനത്തിന്റെ ശേഷി അളക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണെന്നും സെലൻസ്കി പറഞ്ഞു.
റഷ്യൻ ആക്രമണം: വ്യോമ പ്രതിരോധ കവചം വേണമെന്ന് സെലൻസ്കി
കിയവ്: റഷ്യയുടെ ആക്രമണം പ്രതിരോധിക്കാൻ നിർദിഷ്ട വ്യോമാക്രമണ പ്രതിരോധ കവചം ഉടൻ യാഥാർഥ്യമാക്കേണ്ടതുണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി. അന്താരാഷ്ട്ര വിമർശനങ്ങൾക്കിടെയും റഷ്യ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലായിരുന്നു സെലൻസ്കിയുടെ പ്രതികരണം. തിങ്കളാഴ്ചയും യുക്രെയ്നിൽ റഷ്യ ബോംബാക്രമണം നടത്തി.
ജനസാന്ദ്രതയേറിയ സാപോറിഷ്സിയ നഗരത്തിലാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 13 പേർക്ക് പരിക്കേറ്റു. രണ്ടാഴ്ചക്കിടെ, 3500 ഡ്രോണുകളും 200 മിസൈലുകളുമാണ് റഷ്യ യുക്രെയ്നിൽ പ്രയോഗിച്ചതെന്നും സെലൻസ്കി പറഞ്ഞു. ഇത്രയും ഭീകരമായ ആക്രമണങ്ങളെ ചെറുക്കാൻ വ്യോമ പ്രതിരോധ കവചം അത്യന്താപേക്ഷിതമാണ്.