എപ്സ്റ്റീൻ ഫയൽസിൻറെ പുതിയ പതിപ്പിൽ ഇലോൺ മസ്‌ക്കും ബ്രിട്ടീഷ് രാജകുമാരനും അടക്കം മറ്റ് ഉന്നത വ്യക്തികളും

ന്യൂയോർക്ക് : അമേരിക്കയിലെ ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളിൽ ടെക് കോടീശ്വരൻ ഇലോൺ മസ്‌കിന്റെ പേരും. ബിൽ ഗേറ്റ്‌സ്, ആൻഡ്രൂ രാജകുമാരൻ, ട്രംപ് സഖ്യകക്ഷിയായ സ്റ്റീവ് ബാനൻ തുടങ്ങിയ ഉന്നത വ്യക്തികളുടെ പേരിനൊപ്പമാണ് മസ്കിന്റെ പേരുള്ളത്. ഡെമോക്രാറ്റിക് നിയമനിർമാതാക്കൾ പുറത്തിറക്കിയ ആറ് പേജുള്ള രേഖയുടെ പുതിയ പതിപ്പിൽ 2014 ഡിസംബർ 6ന് ടെസ്‌ല സിഇഒ യുഎസ് വിർജിൻ ദ്വീപുകളിലെ എപ്‌സ്റ്റീന്റെ ദ്വീപിലേക്ക് ക്ഷണം ലഭിച്ചതായി കാണിക്കുന്നു.
രേഖയുടെ 2014 ഡിസംബർ 6-ന് എഴുതിയ ഒരു കലണ്ടർ എൻട്രിയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: ‘ഓർമപ്പെടുത്തൽ: ഡിസംബർ 6-ന് എലോൺ മസ്‌ക് ദ്വീപിലേക്ക് (ഇത് ഇപ്പോഴും സംഭവിക്കുന്നുണ്ടോ?).’ 2000-ൽ ന്യൂയോർക്കിൽ നിന്ന് ഫ്ലോറിഡയിലെ പാം ബീച്ചിലേക്കുള്ള വിമാനത്തിൽ എപ്സ്റ്റീന്റെ സ്വകാര്യ ജെറ്റിലെ യാത്രക്കാരനായി ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂവിനെയും എപ്സ്റ്റീന്റെ ദീർഘകാല പങ്കാളിയും ലൈംഗിക കടത്തുനടത്തിയതിൽ ശിക്ഷിക്കപ്പെട്ട ഗിസ്ലെയ്ൻ മാക്സ്വെല്ലിനെയും രേഖകളിൽ പരാമർശിച്ചിട്ടുണ്ട്.
എന്നാൽ വെള്ളിയാഴ്ച പുറത്തിറക്കിയ ഷെഡ്യൂളുകളിൽ മസ്‌ക്, തീൽ, ബാനൻ എന്നിവരുമായുള്ള എപ്‌സ്റ്റൈന്റെ കൂടിക്കാഴ്ചകൾ നടന്നോ എന്നത് സ്ഥിരീകരിക്കുന്നതിന് സൂചനകളില്ല. കൂടാതെ ഇവർക്കെതിരെ എന്തെങ്കിലും തെറ്റ് ചെയ്തതായി ആരോപണങ്ങളൊന്നും ഉയർന്നിട്ടുമില്ല. യുഎസ് വിർജിൻ ദ്വീപുകളിലെ ലിറ്റിൽ സെന്റ് ജെയിംസ് ദ്വീപിലുള്ള എപ്സ്റ്റീന്റെ കോമ്പൗണ്ടിലേക്ക് പലതവണ തന്നെ ക്ഷണിച്ചിരുന്നെങ്കിലും അത് നിരസിച്ചിരുന്നതായി മസ്‌ക് മുമ്പും പല തവണ വെളിപ്പെടുത്തിയിട്ടുണ്ട്.
മാത്രമല്ല, പുതിയ വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെ മസ്ക് അത് നിഷേധിച്ച് രംഗത്ത് വന്നു. തീൽ, ബാനൺ, പ്രിൻസ് ആൻഡ്രൂ എന്നിവർ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. 2022-ൽ ഏപ്രിലിൽ ആത്മഹത്യ ചെയ്ത വിർജീനിയ ഗിയുഫ്രെ എന്ന യുവതി താൻ കൗമാരപ്രായത്തിൽ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച് ആൻഡ്രൂ രാജകുമാരനെതിരെ നൽകിയ ഒരു കേസ് ബ്രിട്ടീഷ് രാജകുടുംബം ഒത്തുതീർപ്പാക്കിയിരുന്നു.
നിരവധി പെൺകുട്ടികളെ കടത്തിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌ത എപ്സ്റ്റീൻ 2006-ലാണ് അറസ്റ്റിലായത്. 2008-ൽ ഒരുകേസിൽ വിചാരണ പൂർത്തിയാക്കി എപ്സ്റ്റീനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. വിചാരണ കാത്തിരിക്കുന്നതിനിടെ 2019 ൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ കറക്ഷണൽ സെന്ററിലെ തന്റെ സെല്ലിൽ എപ്സ്റ്റീൻ ആത്മഹത്യ ചെയ്തു. കേസിൽ ഉൾപ്പെട്ട എപ്സ്റ്റീന്റെ പെൺസുഹൃത്തായ മാക്‌സ് വെല്ലിനെ കോടതി 20 വർഷം തടവിനും ശിക്ഷിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള അമേരിക്കയിലെ സമ്പന്നരും ശക്തരുമായ വ്യക്തികളുമായുള്ള എപ്‌സ്റ്റീന്റെ ബന്ധം കാരണം അദേഹത്തിന്റെ മരണം ഗൂഢാലോചന സിദ്ധാന്തങ്ങളുടെ ഉറവിടമായി മാറിയിരിന്നു. ട്രംപ് ഭരണകൂടം എപ്സ്റ്റീൻ കേസ് കൈകാര്യം ചെയ്ത രീതി ആശങ്ക വർധിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. മാത്രമല്ല ട്രംപും സഖ്യകക്ഷികളും മുമ്പ് നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചു കൊണ്ട് ജൂലൈയിൽ നീതിന്യായ വകുപ്പ് അന്വേഷണ ഫയലുകൾ പ്രസിദ്ധീകരിക്കില്ലെന്നും പ്രഖ്യാപിച്ചു.