അന്തർദേശീയം
മനുഷ്യാവകാശലംഘനത്തിന് ഒത്താശ ; യുഎൻ 68 ബഹുരാഷ്ട്ര കമ്പനികളെ കരിമ്പട്ടികയിലാക്കി

ന്യൂയോർക്ക് : ഇസ്രയേൽ അധിനിവേശ വെസ്റ്റ്ബാങ്കിലെ പലസ്തീൻ സെറ്റിൽമെന്റുകളിൽ മനുഷ്യാവകാശലംഘനങ്ങൾക്ക് കൂട്ടുനിന്ന 68 ബഹുരാഷ്ട്ര കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തി ഐക്യരാഷ്ട്ര സംഘടന. നിർമാണ, ഗതാഗത, സാമ്പത്തിക മേഖലകളിലെ ഇസ്രയേൽ, യുഎസ്, ജർമൻ, ബ്രിട്ടൻ കമ്പനികളെയാണ് കരിമ്പട്ടികയിൽപ്പെടുത്തിയത്. 158 കമ്പനികളാണ് നിലവിൽ പട്ടികയിലുള്ളത്. ബഹുഭൂരിപക്ഷവും ഇസ്രയേലി കമ്പനികളാണ്.
അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് മനുഷ്യക്കുരുതിക്കും പീഡനങ്ങൾക്കും സഹായിച്ചതിനാണ് നടപടി. യുഎസ് ട്രാവൽ കമ്പനികളായ എക്സ്പീഡിയ, ബുക്കിങ് ഹോൾഡിങ് ഇൻകോർപ്പറേറ്റ്സ്, എയർ ബിഎൻബി, ജർമൻ നിർമാണ കമ്പനി ഹെയ്ഡൽബർഗ് മെറ്റീരിയൽസ്, സ്പാനിഷ് എൻജിനീയറിങ് കമ്പനി ഇനേക്കോ തുടങ്ങിയവ പട്ടികയിലുണ്ട്.