ഒക്ടോബര്‍ ഒന്നുമുതല്‍ ബ്രാന്‍ഡഡ്, പേറ്റന്റ് മരുന്നുകളുടെ ഇറക്കുമതിക്ക് 100 ശതമാനം വരെ താരിഫ് ചുമത്തും : ട്രംപ്

വാഷിങ്ടണ്‍ ഡിസി : ബ്രാന്‍ഡഡ്, പേറ്റന്റ് മരുന്നുകളുടെ ഇറക്കുമതിക്ക് 100 ശതമാനം വരെ താരിഫ് ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒക്ടോബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയിലേക്കുള്ള കയറ്റുമതിയെ ആശ്രയിക്കുന്ന ഇന്ത്യന്‍ മരുന്നുകമ്പനികളെ ട്രംപിന്റെ പുതിയ പ്രഖ്യാപനം സാരമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
‘ഒക്ടോബര്‍ 1 മുതല്‍, ഒരു മരുന്നു കമ്പനി അമേരിക്കയില്‍ അവരുടെ നിര്‍മ്മാണ പ്ലാന്റ് സ്ഥാപിക്കുന്നില്ലായെങ്കില്‍ അവരുടെ ബ്രാന്‍ഡഡ് അല്ലെങ്കില്‍ പേറ്റന്റ് മരുന്നുകള്‍ക്ക് ഞങ്ങള്‍ 100 ശതമാനം താരിഫ് ചുമത്തും,’- ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ആഭ്യന്തര ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം നികുതികള്‍ സര്‍ക്കാരിന്റെ ബജറ്റ് കമ്മി കുറയ്ക്കാന്‍ സഹായിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ കണക്കുകൂട്ടലാണ് പുതിയ പ്രഖ്യാപനത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയില്‍ പ്ലാന്റിന്റെ നിര്‍മ്മാണം തുടങ്ങിയ പുറത്തുനിന്നുള്ള മരുന്നു കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയെ എങ്ങനെ ബാധിക്കും?
ഇന്ത്യയുടെ ഏറ്റവും വലിയ മരുന്നു കയറ്റുമതി വിപണിയാണ് അമേരിക്ക. 2024 സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യയുടെ 2790 കോടി ഡോളര്‍ മൂല്യമുള്ള മരുന്നു കയറ്റുമതിയില്‍, 31 ശതമാനം അല്ലെങ്കില്‍ 870 കോടി ഡോളര്‍ (7,72,31 കോടി രൂപ) യുഎസിലേക്കാണ് പോയതെന്ന് ഫാര്‍മസ്യൂട്ടിക്കല്‍സ് എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ പറയുന്നു. 2025 ന്റെ ആദ്യ പകുതിയില്‍ മാത്രം 370 കോടി ഡോളര്‍ (32,505 കോടി രൂപ) മൂല്യമുള്ള മരുന്നുകളാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, യുഎസില്‍ ഉപയോഗിക്കുന്ന ജനറിക് മരുന്നുകളുടെ 45 ശതമാനത്തിലധികവും ഇന്ത്യയില്‍ നിന്നാണ് വിതരണം ചെയ്യുന്നത്. ഡോ. റെഡ്ഡീസ്, അരബിന്ദോ ഫാര്‍മ, സൈഡസ് ലൈഫ് സയന്‍സസ്, സണ്‍ ഫാര്‍മ, ഗ്ലാന്‍ഡ് ഫാര്‍മ തുടങ്ങിയ സ്ഥാപനങ്ങള്‍ അവരുടെ മൊത്തം വരുമാനത്തിന്റെ 30-50 ശതമാനം വരെ അമേരിക്കന്‍ വിപണിയില്‍ നിന്നാണ് സമ്പാദിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പുതിയ അമേരിക്കന്‍ താരിഫുകള്‍ പ്രധാനമായും ലക്ഷ്യമിടുന്നത് ബ്രാന്‍ഡഡ്, പേറ്റന്റ് മരുന്നുകളെയാണ്. ഇന്ത്യയില്‍ നിന്നുള്ള ജനറിക് മരുന്നുകളും സ്‌പെഷ്യാലിറ്റി മരുന്നുകളും താരിഫിന് വിധേയമാകുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. അമേരിക്കന്‍ ഉപഭോക്താക്കള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കുറഞ്ഞ വിലയുള്ള ജനറിക് മരുന്നുകളെയാണ് പ്രധാനമായി ആശ്രയിക്കുന്നത്. ഉയര്‍ന്ന താരിഫ് അമേരിക്കയില്‍ വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും മരുന്നുകളുടെ ക്ഷാമത്തിനും കാരണമായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.