യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഗദ്ദാഫിയില്‍ നിന്ന് തെരഞ്ഞെടുപ്പ് ഫണ്ട്, മുന്‍ ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസി കുറ്റക്കാരന്‍

പാരിസ് : 2007 ലെ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെുപ്പുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി കുറ്റക്കാരന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയില്‍ നിന്ന് ദശലക്ഷക്കണക്കിന് യൂറോ സ്വീകരിച്ചെന്ന കേസിലാണ് സര്‍ക്കോസിയും സഹായികളും കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. പാരിസ് ക്രമിനല്‍ കോടതിയുടേതാണ് വിധി. 2007-2012 കാലയളവില്‍ ഫ്രഞ്ച് പ്രസിഡന്റ് ആയിരുന്ന നിക്കോളാസ് സര്‍ക്കോസിയുടെ ശിക്ഷ വിധിച്ചിട്ടില്ല.

പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നില്‍ ഗദ്ദാഫിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുക എന്നതായിരുന്നു സര്‍ക്കോസിയുമായുള്ള ഇടപാടിന്റെ അടിസ്ഥാനമെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. ഗൂഢാലോചനക്കേസില്‍ സര്‍ക്കോസി കുറ്റക്കാരനെന്ന് കണ്ടെത്തിയെങ്കിലും മറ്റ് മൂന്ന് കുറ്റങ്ങളില്‍ നിന്ന് സര്‍ക്കോസിയെ കുറ്റവിമുക്തനാക്കി. അഴിമതി, ലിബിയന്‍ പൊതു ഫണ്ട് ദുരുപയോഗം, നിയമവിരുദ്ധമായ തെരഞ്ഞെടുപ്പ് പ്രചാരണ ധനസഹായം എന്നിവയില്‍ നിന്നാണ് സര്‍ക്കോസി കുറ്റവിമുക്തനാക്കപ്പെട്ടത്.

തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമ്പത്തിക സഹായം കണ്ടെത്താന്‍ ലിബിയന്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെടാന്‍ സര്‍ക്കോസി തന്റെ അനുയായികളെ അനുവദിച്ചെന്ന് കണ്ടെത്തിയതായി പാരിസ് ക്രിമിനല്‍ കോടതി ജഡ്ജി നതാലി ഗവറിനോ പറഞ്ഞു. എന്നാല്‍ നിയമവിരുദ്ധമായ ധനസഹായത്തിന്റെ ഗുണഭോക്താവ് സര്‍ക്കോസിയാണെന്ന് കണ്ടെത്താന്‍ മതിയായ തെളിവുകള്‍ ഇല്ലെന്നും കോടതി വിധിച്ചു. എന്നാല്‍, ആരോപണങ്ങള്‍ എല്ലാം നിക്കോളാസ് സര്‍ക്കോസി നിഷേധിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിധിക്കെതിരെ സര്‍ക്കോസി അപ്പീല്‍ നല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മുഅമ്മര്‍ ഗദ്ദാഫിയുടെ മകന്‍ സെയ്ഫ് അല്‍-ഇസ്ലാം ആണ് സര്‍ക്കോസിക്ക് എതിരെ ആദ്യം വെളിപ്പെടുത്തല്‍ നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്റെ പിതാവില്‍ നിന്നും ദശലക്ഷക്കണക്കിന് പണം സര്‍ക്കോസി കൈപ്പറ്റിയെന്നായിരുന്നു വെളിപ്പെടുത്തല്‍. 2013 ല്‍ ആണ് ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button