അന്തർദേശീയം

ദക്ഷിണ ചൈനയിലും ഫിലിപ്പീൻസിലും നാശം വിതച്ച് റഗാസ ചുഴലിക്കാറ്റ്; തായ്‍വാനിൽ 14 മരണം

ഹോങ്കോങ്ങ് : ദക്ഷിണ ചൈനയിലും ഫിലിപ്പീൻസിലും നാശം വിതച്ച് റഗാസ ചുഴലിക്കാറ്റ്. കിഴക്കൻ തായ്‌വാനിലെ ഹുവാലിയൻ കൗണ്ടിയിൽ ചുഴലിക്കാറ്റിന്റെ കെടുതിയിൽ 14 പേർ മരിച്ചു. ഫിലിപ്പീൻസിൽ 3 മരണം റിപ്പോർട്ട് ചെയ്തു. തടാകം കരകവിഞ്ഞൊഴുകി ടൗൺഷിപ്പിലേക്ക് വെള്ളം കയറിയാണ് തായ്‍വാനിൽ 14 പേർ മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. ഈ വർഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിൽ ഒന്നായ റാഗസ, ബുധനാഴ്ച പുലർച്ചെയാണ് ദക്ഷിണ ചൈനീസ് തീരത്ത് ആഞ്ഞടിച്ചത്. ഹോങ്കോങ്ങിൽ ഉയരത്തിൽ തിരമാലകൾ അടിച്ചുകയറി. തായ്‌വാനിലും ഫിലിപ്പീൻസിലും തെക്കൻ ചൈനീസ് തീരത്തും ജനജീവിതം സ്തംഭിച്ചു. കാറ്റിൽ ഉപകരണങ്ങളും വീടുകളും തകരുന്നതിന്റെ ദൃശ്യങ്ങൾ പലരും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. ​ഹോങ്കോങ്ങിൽ ശക്തമായ കാറ്റിൽ കാൽനട പാലത്തിന്റെ മേൽക്കൂരയുടെ ഭാഗങ്ങൾ പറന്നു പോയി. നഗരത്തിലുടനീളമുള്ള മരങ്ങൾ കടപുഴകി വീണു. പരിക്കേറ്റ 13 പേർ ആശുപത്രികളിൽ ചികിത്സയിലാണ്.

തായ്‌വാനിലെ ഹുവാലിയൻ കൗണ്ടിയിൽ വെള്ളം ശക്തമായി ഒഴുകിയെത്തിയതോടെ പാലം തകർന്നു. ഗ്വാങ്ഫു ടൗൺഷിപ്പിലെ റോഡുകൾ ഒഴുകിപ്പോയി. വാഹനങ്ങളും വീടുകളിലെ ഫർണിച്ചറുകളും ഒഴുകിപ്പോയി. 18 പേർക്കാണ് പരിക്കേറ്റതെന്ന് തായ്‌വാനിലെ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വടക്കൻ ഫിലിപ്പീൻസിൽ ടാഗലോഗിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മൂന്ന് പേർ മരിക്കുകയും അഞ്ച് പേരെ കാണാതാവുകയും ചെയ്തു. 17,500 ലധികം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

തെക്കൻ ചൈനീസ് മേഖലയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലുടനീളം ഒരു ദശലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചതായി സ്റ്റേറ്റ് ബ്രോഡ്‌കാസ്റ്റർ സിസിടിവി റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്കും വൈകുന്നേരത്തിനും ഇടയിൽ തായ്‌ഷാനും ഷാൻജിയാങ്ങും ഉൾപ്പെടെയുള്ള നഗരങ്ങളിൽ ചുഴലിക്കാറ്റ് കര തൊടുമെന്ന് ദേശീയ കാലാവസ്ഥാ ഏജൻസി പ്രവചിച്ചു. മുന്നറിയിപ്പിനെത്തുടർന്ന് നിരവധി ന​ഗരങ്ങളിൽ സ്‌കൂളുകളും ഫാക്ടറികളും അടച്ചു. ഗതാഗതം നിർത്തിവച്ചു.

ഹോങ്കോങ്ങിലും മക്കാവോയിലും വിമാന സർവീസുകൾ റദ്ദാക്കി. നിരവധി കടകൾ അടച്ചു. നൂറുകണക്കിന് ആളുകൾ താൽക്കാലിക കേന്ദ്രങ്ങളിൽ അഭയം തേടിയതായാണ് വിവരം. മണിക്കൂറിൽ 195 കിലോമീറ്റർ വേഗതയിൽ വീശുന്ന റഗാസ, ഹോങ്കോങ്ങിന്റെ തെക്കുഭാ​ഗത്ത് 100 കിലോമീറ്റർ അകലെയായി സഞ്ചരിക്കുന്നുണ്ടെന്ന് ഹോങ്കോങ്ങിന്റെ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 22 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറ് ഭാ​ഗത്തേക്കോ അല്ലെങ്കിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ഭാ​ഗത്തേക്കോ നീങ്ങുന്നത് തുടരുമെന്നാണ് പ്രവചനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button