തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : മണ്ണന്തല മരുതൂരില്‍ വാഹനാപകടം. കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപ്പേര്‍ക്ക് പരിക്ക്. ബസിലെയും ലോറിയിലെയും ഡ്രൈവര്‍മാര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എംസി റോഡില്‍ രാവിലെ അഞ്ചര മണിയോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. എതിര്‍ദിശയില്‍ നിന്ന് വന്ന ചരക്കുലോറിയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. പാലത്തിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്.
ഡ്രൈവര്‍മാര്‍ ഇരിക്കുന്ന ഭാഗത്താണ് കൂട്ടിയിടി ഉണ്ടായത്. അരമണിക്കൂര്‍ നേരം ഡ്രൈവര്‍മാര്‍ ബസില്‍ കുടുങ്ങി കിടന്നു. ഫയര്‍ഫോഴ്സും നാട്ടുകാരും എത്തിയാണ് ഇവരെ പുറത്തെടുത്തത്. ബസില്‍ 26 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരുടെ പരിക്ക് ഒന്നും ഗുരുതരമല്ല.
ഡ്രൈവര്‍മാരുടെ പരിക്കാണ് സാരമായിട്ടുള്ളത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ലോറി ഡ്രൈവറുടെ പരിക്ക് ഒഴികെ മറ്റുള്ളവരുടെ പരിക്ക് ഒന്നും ഗുരുതരമല്ലെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് അറിയിച്ചത്. പ്രദേശത്ത് ഗതാഗത തടസം ഉണ്ടായി. മറ്റുവഴികളിലൂടെയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.