പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ച് ഫ്രാൻസ്

പാരിസ് : പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിച്ച് ഫ്രാൻസും. ഐക്യരാഷ്ട്രസഭയിലാണ് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ ഇക്കാര്യം പറഞ്ഞത്. സമാധാനത്തിനുള്ള സമയം വന്നിരിക്കുന്നുവെന്നും ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ ന്യായീകരിക്കാൻ ആകില്ലെന്നും മാക്രോൺ പ്രതികരിച്ചു.
യുകെ, കാനഡ, ഓസ്‌ട്രേലിയ, പോർച്ചുഗൽ എന്നി രാജ്യങ്ങൾ കഴിഞ്ഞ ദിവസം ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. ബെൽജിയം, ലക്സംബർഗ്, മാൾട്ട, അൻഡോറ, സാൻ മറിനോ എന്നി രാജ്യങ്ങളും ഉടൻ പലസ്തീനെ അംഗീകരിക്കുമെന്നാണ് റിപ്പോർട്ട്. ഇതിനിടെ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റലിയിൽ വൻ പ്രതിഷേധം നടക്കുകയാണ്.
അതേസമയം യുഎൻ പൊതുസഭയിൽ പലസ്തീൻ അനുകൂല വികാരം. കൂടുതൽ രാജ്യങ്ങൾ ‘പലസ്തീൻ സ്റ്റേറ്റ്’ എന്ന ആവശ്യം ജനറൽ അസംബ്ലിയിൽ ഉന്നയിച്ചു. പലസ്തീൻ രാഷ്ട്രം വേണമെന്ന് പോർച്ചുഗൽ പ്രസിഡന്റ് മാർസെല്ലോ റെബെല്ലോ ഡിസൂസ പറഞ്ഞു.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യും .
പലസ്തീനെ സ്വതന്ത്ര രാജ്യമായി ബ്രിട്ടനും അംഗീകരിച്ചിരുന്നു. ഓസ്ട്രേലിയക്കും കാനഡയ്ക്കും പിന്നാലെയാണ് പലസ്തീനെ അംഗീകരിച്ചു കൊണ്ട് ബ്രിട്ടൻ രംഗത്തെത്തുന്നത്. ദ്വിരാഷ്ട്ര പരിഹാരത്തിനായി പരിശ്രമിക്കുമെന്ന് ഓസ്ട്രേലിയൻ പ്രസിഡന്റ് ആന്തണി ആൽബനീസും ബ്രിട്ടിഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമറും പറഞ്ഞു. ഫ്രാൻസ് ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങൾ ഈ മാസം അവസാനം നടക്കുന്ന ഐക്യരാഷ്ട്ര സഭ പൊതുസഭയിൽ പലസ്തീനെ അംഗീകരിക്കാനിരിക്കെയാണ് പ്രഖ്യാപനവുമായി ബ്രിട്ടനും കാനഡയും ഓസ്ട്രേലിയയും എത്തുന്നത്.