അന്തർദേശീയം

ഫലസ്തീൻ രാഷ്ട്രത്തിനുള്ള അംഗീകാരം തീവ്രവാദത്തിന് നൽകുന്ന സമ്മാനം; അമേരിക്കയിൽ നിന്നെത്തിയ ശേഷം മറുപടി : നെതന്യാഹു

വാഷിങ്ടണ്‍ ഡിസി : ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച യുകെ, കാനഡയും ആസ്ത്രേലിയ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു. ജോർദാൻ നദിയുടെ പടിഞ്ഞാറ് ഫലസ്തീൻ എന്നൊരു രാഷ്ട്രം സ്ഥാപിക്കപ്പെടില്ലെന്ന് നെതന്യാഹു പറഞ്ഞു. ഞായറാഴ്ച നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലായിരുന്നു നെതന്യാഹുവിന്‍റെ പ്രതികരണം. ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ആഹ്വാനങ്ങളോട് ഇസ്രായേൽ പ്രതികരിക്കുമെന്നും നെതന്യാഹു പറഞ്ഞു. യു.കെ ഫലസ്തീൻ രാഷ്ട്രത്തിന് അംഗീകാരം നൽകുന്നത് തീവ്രവാദത്തിന് സമ്മാനം നൽകുന്നത് പോലെയാണെന്നും നെതന്യാഹു വിമർശിച്ചു.

നമ്മുടെ രാജ്യത്തിന്റെ ഹൃദയഭാഗത്ത് ഒരു ഭീകര രാഷ്ട്രം അടിച്ചേൽപ്പിക്കാനുള്ള പുതിയ ശ്രമത്തിന് അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം നൽകും, കാത്തിരിക്കൂവെന്നും നെതന്യാഹു പറഞ്ഞു. തന്റെ നേതൃത്വത്തിൽ ജൂത കുടിയേറ്റം ഇരട്ടിയാക്കിയെന്നും അത് ഇനിയും തുടരുവെന്നും നെതന്യാഹു പറഞ്ഞു.

കാനഡ, ആസ്ത്രേലിയ തുടങ്ങി പത്തിലേറെ രാജ്യങ്ങൾ ഫലസ്തീന്‍ രാഷ്ട്രത്തെ ഇതിനോടകം തന്നെ അംഗീകരിച്ചിട്ടുണ്ട്. ഫലസ്തീൻ ജനത സമാധാനത്തോടെ ജീവിക്കാൻ അർഹരെന്ന് യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരാന്‍ വേണ്ട ശ്രമങ്ങള്‍ തുടരുമെന്നും ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി പൗരന്‍മാരുടെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ തുടരും എന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന ഭീകരാവസ്ഥയുടെ പശ്ചാത്തലത്തിൽ സമാധാനം നിലനിർത്താൻ ദ്വിരാഷ്ട്ര പരിഹാരത്തിനായാണ് ബ്രിട്ടൻ പ്രവർത്തിക്കുന്നത്. സുരക്ഷിതവും സുസ്ഥിരവുമായ ഇസ്രായേലും സ്വതന്ത്രമായ ഫലസ്തീനും സാധ്യമാകണം. ഫലസ്തീന് നൽകുന്ന അംഗീകാരം ഒരിക്കലും ഹമാസിനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഫ്രാൻസും സൗദി അറേബ്യയും ചേർന്ന് നടത്തുന്ന നയതന്ത്ര നീക്കത്തിന്‍റെ ഭാഗമായി യുഎൻ പൊതുസഭ വിളിച്ചു ചേർത്തിരുന്നു . ഇതിന് തൊട്ടുമുന്നെയാണ് അമേരിക്കയുടെയും ഇസ്രായേലിന്‍റെയും എതിർപ്പ് മറികടന്ന് ബ്രിട്ടൻ നിലപാട് വ്യക്തമാക്കിയത്.

യൂറോപ്പിൽ നിന്ന് പോർച്ചുഗൽ, ബെൽജിയം, മാൾട്ട, അൻഡോറ, ലക്സംബർഗ് രാജ്യങ്ങളും ഫലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനരാഷ്ട്രങ്ങളുടെ ഫലസ്തീൻ അംഗീകാരം ഇസ്രായേലിനും അമേരിക്കക്കും കനത്ത തിരിച്ചടിയാകും. ലോകവ്യാപകമായി വൻ പ്രതിഷേധം തുടരുമ്പോഴും ഫലസ്തിൻ രാഷ്ട്രത്തെ കൂടുതൽ രാജ്യങ്ങൾ അംഗീകരിച്ച് രംഗത്തുവരുമ്പോഴും ഗസ്സയിൽ സമാനതകളില്ലാത്ത ആക്രമണം അഴിച്ചുവിടുകയാണ് ഇസ്രായേൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button