പ്രഫഷനലുകൾക്കായി വാതിലുകൾ തുറന്ന് ചൈന; ഒക്ടോബർ 1 മുതൽ കെ–വീസ പദ്ധതിക്ക് തുടക്കം

ബെയ്ജിങ്ങ് : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണത്തിൻ കീഴിൽ കുടിയേറ്റത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിനിടെ പ്രഫഷനലുകളെ രാജ്യത്ത് എത്തിക്കാൻ ചൈനയുടെ ശ്രമം. ചൈനയുടെ ‘കെ-വീസ’ പദ്ധതിയിലൂടെയാണ് ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലെ പ്രഫഷനലുകൾക്കായി ചൈന വാതിൽ തുറക്കുന്നത്. ഓരോ രംഗത്തെയും മികച്ച പ്രതിഭകളെ ആകർഷിക്കാനാണ് ചൈനയുടെ നീക്കം.
ഒക്ടോബർ 1 മുതൽ കെ–വീസ പദ്ധതിക്ക് ചൈന തുടക്കം കുറിക്കുകയാണ്. ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതം എന്നീ മേഖലകളിലെ പ്രൊഫഷനലുകളെയാണ് ചൈന സ്വാഗതം ചെയ്യുന്നത്. ഈ മേഖലകളില്‍ യുഎസ് തുടരുന്ന മേൽക്കോയ്മ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ചൈനയുടെ നീക്കം. ട്രംപ് ഭരണകൂടത്തിൻ കീഴിൽ കുടിയേറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമ്പോളാണ് ചൈനയുടെ തന്ത്രപരമായ നീക്കമെന്നതും ശ്രദ്ധേയമാണ്.
ചൈനയിൽ ഇത്തരത്തിൽ നിരവധി വീസകളുണ്ട്. ജോലിക്ക് ‘സെഡ് വീസ’, പഠനത്തിന് ‘എക്സ് വീസ’, ബിസിനസിന് ‘എം വീസ’, ടൂറിസത്തിന് ‘എൽ വീസ’, പ്രതിഭകൾക്കുള്ള ‘ആർ വീസ’ എന്നിവയാണ് ഇത്. ഇതിനുപുറമെയാണ് വിദേശ രാജ്യങ്ങളിൽ നിന്നുള്ള ‘യുവ ശാസ്ത്ര സാങ്കേതിക പ്രതിഭകൾക്ക്’ ഒക്ടോബർ 1 മുതൽ കെ-വീസയ്ക്ക് അപേക്ഷിക്കാമെന്ന് ചൈനീസ് അധികൃതർ അറിയിച്ചിരിക്കുന്നത്.