അന്തർദേശീയം

ജിമ്മി കിമ്മൽ ഷോ നിർത്തിവച്ചതിൽ പ്രതിഷേധം കടുക്കുന്നു; ഡിസ്നി പ്ലാറ്റ്ഫോമുകൾ ബഹിഷ്ക്കരിക്കുമെന്ന് പ്രേഷകർ

വാഷിങ്ടൺ ഡിസി : അവതാരകനും കൊമേഡിയനുമായ ജിമ്മി കിമ്മലിന്റെ ഷോ എബിസി ചാനൽ നിർത്തലാക്കിയതിൽ പ്രതിഷേധം കടുക്കുന്നു. നിരവധി അമേരിക്കൻ പ്രേഷകർ ഡിസ്നി ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തു. തീവ്രവലതുപക്ഷ അനുയായി ആയിരുന്ന ചാർളി കിർക്കിന്റെ കൊലപാതകത്തെക്കുറിച്ചുള്ള പരാമർശം വിവാദമായതോടെ ചാനൽ പരിപാടി നിർത്തി വയ്ക്കുകയായിരുന്നു. ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമീഷൻ (എഫ്‌സിസി) ചെയർമാനായ ബ്രെൻഡൻ കാറിന്റെ വിമർശനത്തിന് പിന്നാലെയായിരുന്നു എബിസി ചാനലിന്റെ തീരുമാനം. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനായിരുന്നു കൊല്ലപ്പെട്ട ചാർളി കിർക്ക്.

കിമ്മലിന്റെ ഷോ നിർത്തിവച്ചതിന് പിന്നാലെ വാൾട്ട് ഡിസ്നി കമ്പനി വലിയ തിരിച്ചടിയാണ് നേരിടുന്നത്. എബിസി ഉൾപ്പെടുന്ന വിനോദ, വിജ്ഞാന മാധ്യമ സാമ്രാജ്യമാണ് വാൾട്ട് ഡിസ്നിയുടേത്. ഡിസ്നിയുടെ ഉടമസ്ഥതയിലുള്ള ഇഎസ്പിഎൻ, ഹുലു തുടങ്ങിയ പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ റദ്ദാക്കാൻ സോഷ്യൽ മീഡിയയിലുടനീളം വ്യാപകമായി പ്രചാരണം നടക്കുന്നുണ്ട്. ഷോ നിർത്തിവച്ചതിൽ പ്രതിഷേധിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ പിന്തുണ അറിയിച്ചും എഴുത്തുകാരും അഭിനേതാക്കളും ഉൾപ്പെടെ നിരവധി ആളുകളാണ് ലോസ് ഏഞ്ചൽസിലെ ഡിസ്നി ആസ്ഥാനത്തിന് പുറത്ത് തടിച്ചുകൂടിയത്. അമേരിക്കയിലുടെനീളം പ്രതിഷേധം വ്യാപിക്കുകയാണ്.

ഡോണൾഡ് ട്രംപിന്റെ നിരന്തരമായ മാധ്യമവേട്ടയ്ക്കെതിരെയാണ് യുഎസിൽ മാധ്യമപ്രവർത്തകരുടെ പ്രതിഷേധം നടക്കുന്നത്. പെഡ്രോ പാസ്കൽ, ആദം സ്കോട്ട്, വാണ്ട സൈക്സ് തുടങ്ങിയ സെലിബ്രിറ്റികളും ഓൺലൈനായി കിമ്മലിന് പിന്തുണ അറിയിച്ചു. ഷോ അവസാനിപ്പിക്കുന്ന തീരുമാനം മാറ്റിയില്ലെങ്കിൽ ഭാവി പദ്ധതികളിൽ ഡിസ്നിയുമായി പ്രവർത്തിക്കില്ലെന്ന് എബിസിയുടെ ലോസ്റ്റിന്റെ സഹ-സ്രഷ്ടാവും തിരക്കഥാകൃത്തുമായ ഡാമൺ ലിൻഡെലോഫ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ആരാധകരുടെ ഡിസ്നി പ്ലസ്, ഇഎസ്പിഎൻ, ഹുലു സബ്‌സ്‌ക്രിപ്‌ഷനുകൾ റദ്ദാക്കാൻ ഡിസ്നി പ്ലസ് പരമ്പരയിൽ ഷീ-ഹൾക്കിനെ അവതരിപ്പിച്ച മാർവൽ താരം തത്യാന മസ്ലാനി ആഹ്വാനം ചെയ്തു.

യുഎസ് ഭരണഘടന പ്രകാരം കിമ്മലിനെ പുറത്താക്കിയത് അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് വിമർശനമുയർന്നിട്ടുണ്ട്. വ്യാഴാഴ്ച ബർബാങ്കിലും ന്യൂയോർക്കിലും ഹോളിവുഡിലും നൂറുകണക്കിന് ആളുകളാണ് തെരുവുകളിൽ ഒത്തുകൂടിയത്. കിമ്മലിന്റെ ഷോ നീക്കം ചെയ്തതിൽ ഇവർ പ്രതിഷേധിച്ചു. ചാനലിന് നിയന്ത്രണ നടപടിയുണ്ടാകുമെന്ന ഭീഷണിയെത്തുടർന്ന് പരിപാടി നീക്കം ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതോടെ വിമർശിക്കുന്നവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാൻ ട്രംപ് ഭരണകൂടം ശ്രമിക്കുകയാണെന്നും ആശങ്ക ഉയർന്നു. തനിക്കെതിരെ നിരന്തരം വാർത്ത നൽകുന്ന മാധ്യമ സ്ഥാപനങ്ങളുടെ ലൈസൻസ്‌ റദ്ദാക്കുന്നതടക്കമുള്ള കർശന നടപടിയെടുക്കുമെന്ന്‌ ട്രംപ് പറഞ്ഞു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button