അന്തർദേശീയം

റഷ്യയിലെ കംചട്ക പ്രവിശ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ അതിശക്ത ഭൂചലനം

മോസ്‌കോ : റഷ്യയിലെ കംചട്ക പ്രവിശ്യയില്‍ അതിശക്ത ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ നിലവില്‍ ആളപായമോ, നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇന്ന് പുലര്‍ച്ചെയാണ് പ്രദേശത്ത് അതിതീവ്ര ഭൂചലനം രേഖപ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. സുനാമി സാധ്യതയുള്ളതിനാല്‍ മുന്നറിയിപ്പ് നല്‍കുകയും ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്‌തെങ്കിലും പിന്നീട് പിന്‍വലിക്കുകയായിരുന്നു. എങ്കിലും സമീപ പ്രദേശങ്ങളില്‍ അപകടകരമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചു.

പെട്രോപാവ്‌ലോവ്‌സ്- കംചട്ക എന്നിവിടങ്ങളില്‍ നിന്ന് 128 കിലോമീറ്റര്‍ കിഴക്ക് ഭാഗമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പുറമെ അഞ്ചോളം തുടര്‍ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 1,000 കിലോമീറ്റര്‍ താഴെ കിഴക്കന്‍ റഷ്യ, അലാസ്‌ക, ഹവായ് എന്നിവിടങ്ങളിലെ ചില സ്ഥലങ്ങളില്‍ സാധാരണ നിരപ്പില്‍ നിന്ന് മൂന്ന്‌ന മീറ്റര്‍ വരെ ഉയരുന്ന തിരമാലകള്‍ക്കുള്ള സാധ്യതയും മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിരുന്നു.

ഭൂചലനത്തിന് പിന്നാലെ കെട്ടിടങ്ങളും വീടുകളും കുലുങ്ങുന്നതിന്റെയും നിര്‍ത്തിയിട്ട കാര്‍ തനിയെ നീങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പരിഭ്രാന്തരായ ജനങ്ങള്‍ കെട്ടിടങ്ങളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയോടുന്നതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. അതേസമയം ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും അധികൃതര്‍ അറിയിച്ചു. ഈ ആഴ്ച്ചയുടെ തുടക്കത്തിലും ഇതേ പ്രദേശത്ത് ഭൂചലനം രേഖപ്പെടുത്തിയിരുന്നു. പസഫിക് റിങ് ഓഫ് ഫയര്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ കംചട്ക പതിവായി ഭൂചലനങ്ങള്‍ ഉണ്ടാകുന്ന പ്രദേശമാണ്. ജൂലൈയിലുണ്ടായ വന്‍ ഭൂചലനവും സുനാമിയും തീരദേശ ഗ്രമാത്തിന്റെ ഒരു ഭാഗം തന്നെ ഇല്ലാതാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button