ചൈനയിൽ പ്രദർശന പറക്കലിനിടെ കൂട്ടിയിടിച്ച് കത്തിയമർന്ന് പറക്കും കാറുകൾ

ബീജിംഗ് : ചെനയിൽ നൂതന സാങ്കേതിക വിദ്യാ പ്രദർശനത്തിനിടെ രണ്ട് പറക്കും കാറുകൾ കൂട്ടിയിടിച്ച് തകർന്നു. എക്സ്പെങ് എയ്റോഎച്ച്ടിയുടെ പറക്കും കാറുകളാണ് ആകാശ മധ്യത്തിൽ വച്ച് കൂട്ടിയിടിച്ചത്. വാഹനങ്ങൾ ആകാശത്ത് വെച്ച് കൂട്ടിയിടിച്ചു, ലാൻഡിംഗിനിടെ ഒന്നിന് തീപിടിച്ചു എന്നാണ് കമ്പനി റോയിട്ടേഴ്സിന് നൽകിയ പ്രസ്താവനയിൽ വിശദമാക്കിയത്. സംഭവ സ്ഥലത്തുണ്ടായിരുന്ന ആളുകൾ സുരക്ഷിതരാണെന്ന് കമ്പനി വിശദമാക്കി. എന്നാൽ ഒരാൾക്ക് പരിക്കേറ്റതായാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. വടക്കുകിഴക്കൻ ചൈനയിൽ ഈ ആഴ്ച അവസാനം ആരംഭിക്കാൻ പോകുന്ന ചാങ്ചുൻ എയർ ഷോയ്ക്കായുള്ള റിഹേഴ്സലുകൾ ചൊവ്വാഴ്ച നടക്കുന്നതിനിടയിലാണ് സംഭവം. ചൈനീസ് സോഷ്യൽ മീഡിയ സൈറ്റായ വെയ്ബോയിൽ നിലത്ത് തീപിടിച്ച ഒരു വാഹനം അഗ്നിശമന സേനയുടെ സഹായത്തോടെ തീ നിയന്ത്രിക്കുന്നതായുള്ള ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്.
ലംബമായി പറന്നുയരുകയും ലാൻഡ് ചെയ്യുകയും ചെയ്യുന്ന ഈ പറക്കും കാറുകൾ 300,000 യുഎസ് ഡോളർ (ഏകദേശം 26,301,213 രൂപ) വിലയുള്ളവയാണ്. ജനുവരി മാസത്തിൽ മൂവായിരത്തിലേറെ ഓർഡറുകൾ ലഭിച്ച പറക്കും കാറാണ് അപകടത്തിൽ കത്തിക്കരിഞ്ഞത്. ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന (ഇവി) നിർമ്മാതാക്കളിൽ ഒന്നായ ചൈനീസ് കമ്പനിയായ എക്സ്പെങ് അടുത്തിടെയാണ് യൂറോപ്പിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചത്.
പറക്കുന്ന കാറുകൾ നിർമ്മിക്കുന്നത് എക്സ്പെങിന്റെഅനുബന്ധ സ്ഥാപനമായ എയ്റോഎച്ച്ടിയാണ്. അടിസ്ഥാന സൗകര്യങ്ങൾ, നിയന്ത്രണം, പൊതുജന സ്വീകാര്യത എന്നിവയുടെ കാര്യത്തിൽ ഈ ഗതാഗത രീതിക്ക് ഇപ്പോഴും ഗണ്യമായ തടസ്സങ്ങളുണ്ട്.