മുന്നറിയിപ്പിന് പിന്നാലെ യമൻ തുറമുഖം ആക്രമിച്ച് ഇസ്രായേൽ; സനായിലെ പത്ര ഓഫിസിലെ ആക്രമണത്തിൽ 33 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

സനഅ : മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ യമനിലെ ഹുദൈദ തുറമുഖം ആക്രമിച്ച് ഇസ്രായേൽ. ആക്രമണത്തിൽ നിരവധി യമൻ പൗരൻമാർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഹൂതികളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് ഇസ്രായേൽ അവകാശവാദം. ഹൂതികളുടെ ഉടമസ്ഥതയിലുള്ള അൽ മാരിഷ് ടെലിവിഷൻ ചാനലാണ് ആക്രമണം സംബന്ധിച്ച് ആദ്യം സ്ഥിരീകരണം നൽകിയത്. 12 ആക്രമണങ്ങൾ ഇസ്രായേൽ നടത്തിയെന്നാണ് റിപ്പോർട്ട് . എക്സിലൂടെ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു ചെങ്കടലിലെ തുറമുഖ നഗരത്തിന് നേരെയുള്ള ഇസ്രായേൽ ആക്രമണം.
വരും മണിക്കൂറുകളിൽ ഹുദൈദ തുറമുഖത്തിൽ ആക്രമണം നടത്തുമെന്നാണ് ഇസ്രായേൽ പ്രതിരോധസേന എക്സിലൂടെ അറിയിച്ചത്. ഹൂതികൾ ഇവിടെ സൈനിക പരിപാടികൾ നടത്തുന്നുണ്ട്. ഇത് അംഗീകരീക്കാനാവില്ലെന്ന് ഇസ്രായേൽ പ്രതിരോധസേന പ്രസ്താവനയിൽഅറിയിച്ചിരുന്നു. സുരക്ഷക്കായി ഹുദൈദ തുറമുഖത്തുള്ള ആളുകളും കപ്പലുകളും ഉടൻ ഒഴിഞ്ഞ് പോകണമെന്നും പ്രതിരോധസേന അറിയിച്ചിരുന്നു.
സനായിൽ ഒരു പത്ര ഓഫിനുമേൽ ബോബിട്ട് 33 മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തി ഇസ്രായേൽ. 22 പേർക്കെങ്കിലും പരിക്കേറ്റതായാണ് റിപ്പോർട്ട്. ‘സെപ്റ്റംബർ’ എന്ന പത്രസ്ഥാപനത്തിനു നേർക്കാണ് ആക്രമണം നടന്നത്. പത്രത്തിന്റെ ഓഫിസ് സമ്പൂർമായി തകർന്നതായി ‘സബാ’ വാർത്താ ഏജൻസി പറഞ്ഞു.
‘സത്യത്തിന്റെ ശബ്ദം നിശബ്ദമാക്കാൻ ലക്ഷ്യമിട്ടുള്ള ആക്രമണ പരമ്പരയുടെ ഭാഗമാണിതെ’ന്ന് യമനിലെ മാധ്യമ പ്രസാധകർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തെ ഹീനമായ കുറ്റകൃത്യമെന്ന് അപലപിച്ച അവർ, അടിയന്തരമായി ഇടപെടാൻ ഐക്യരാഷ്ട്രസഭയോടും സുരക്ഷാ കൗൺസിലിനോടും ലോക മാധ്യമ സമൂഹത്തോടും ആശ്യപ്പെട്ടു.
യമനിലെ ഇറാൻ പിന്തുണയുള്ള വിമതരെ ഇസ്രായേൽ നിരന്തരം ഉന്നമിട്ടു വരികയാണ്. പുന:രുപയോഗിക്കാൻ കഴിയാത്ത വിധം കെട്ടിടങ്ങൾ ബോബിട്ടു നശിപ്പിക്കുന്നത് പതിവാണ്.