സൗദി അറേബ്യയില്‍ വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ 21,000ത്തിലധികം പ്രവാസികള്‍ അറസ്റ്റില്‍

റിയാദ് : സൗദി അറേബ്യയില്‍ വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ 21,000ത്തിലധികം പ്രവാസികള്‍ അറസ്റ്റില്‍. നിയമ ലംഘകരെ കണ്ടെത്തുന്നതിനായി പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദിയില്‍ നിയമ ലംഘകരായ പ്രവാസികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് അഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് രാജ്യവ്യാപകമായി പരിശോധന ശക്തമാക്കിയിരിക്കുന്നത്.
സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയില്‍ ഒരാഴ്ചക്കുള്ളില്‍ മാത്രം 21,339 പ്രവാസികളാണ് പിടിയിലായത്. മതിയായ താമസ രേഖകള്‍ ഇല്ലാതെ രാജ്യത്ത് കഴിഞ്ഞിരുന്നവരാണ് ഇതില്‍ ഏറെയും. 12,955 പേരാണ് താമസ നിയമലംഘനങ്ങളുടെ പേരില്‍ അറസ്റ്റിലായത്. തൊഴില്‍ നിമയങ്ങള്‍ ലംഘിച്ച 4,198 പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച നിരവധി പ്രവാസികളും പിടിയിലായിട്ടുണ്ട്. നിയമ ലംഘകരെ കണ്ടെത്തുന്നതിനായി പരിശോധന കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. അനധികൃത താമസക്കാര്‍ക്ക് സൗകര്യം ചെയ്ത് കൊടുക്കുന്നത് ഗുരുതരമായ കുറ്റമാണെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. 15 വര്‍ഷം വരെ തടവും ഒരു മില്ല്യണ്‍ ദിനാര്‍ വരെ പിഴയുമാണ് ഇത്തരക്കരെ കാത്തിരിക്കുന്നത്. ഇതിന് പുറമെ വാഹനങ്ങളും സ്വത്തും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമ ലംഘകരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ടോള്‍ ഫ്രീ നമ്പര്‍ വഴി ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.