മണിപ്പൂരിൽ മിന്നൽ പ്രളയം; മണ്ണിടിച്ചിൽ രൂക്ഷം

ഇംഫാൽ : കനത്ത മഴയെ തുടർന്ന് മണിപ്പൂരിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമാകുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ പെയ്ത മഴയിൽ മണിപ്പൂരിന്‍റെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലായെന്ന് അധികൃതർ റിപ്പോർട്ട് ചെയ്തു.
ഇംഫാലിലെ യൈംഗങ്‌പോക്പി, ശാന്തികോങ്ബാൽ , സബുങ്ഖോക് ഖുനൗ എന്നീ കിഴക്കൻ മേഖലകളും കക്വ, സഗോൽബന്ദ് തുടങ്ങിയ പടിഞ്ഞാറൻ പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കൂടാതെ നിരവധി വീടുകളും മുങ്ങിയതായി റിപ്പോർട്ട്ലഭിച്ചിട്ടുണ്ട്.
അവാങ്ഗുൽ, നോനി, സേനാപതി, കംജോങ് തുടങ്ങിയ ജില്ലകളിലാണ് മണ്ണിടിച്ചിൽ രൂക്ഷമായിട്ടുള്ളത്. ഇംഫാൽ, നമ്പുൾ, ഇറിൽ എന്നീ നദികളുടെ ജലനിരപ്പ് ഗണ്യമായി ഉയർന്നിട്ടുണ്ടെങ്കിലും അപകടനിലയിലെത്തിയിട്ടില്ലെന്നാണ് ജലവിഭവ വകുപ്പിന്‍റെ നിരീക്ഷണം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതികൾ രൂക്ഷമാണെന്നാണ് രേഖപ്പെടുത്തൽ. കൂടാതെ ഞായറാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.