ഹൃദയപൂര്‍വം ബില്‍ജിത്; പതിനെട്ടുകാരന്‍ പുതുജീവനേകിയത് ആറുപേര്‍ക്ക്

കൊച്ചി : മസ്തിഷ്‌ക മരണം സംഭവിച്ച പതിനെട്ടു വയസുകാരനായ അങ്കമാലി സ്വദേശി ബില്‍ജിത്തിന്റെ ഹൃദയം ഇനി കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയില്‍ മിടിക്കും. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ മസ്തിഷ്‌ക മരണസംഭവിച്ച ബില്‍ജിത്ത് ബിജുവിന്റെ ഹൃദയമാണ് കൊച്ചി ലിസി ആശുപത്രിയിലെത്തിച്ച് കൊല്ലം സ്വദേശിയായ പെണ്‍കുട്ടിയില്‍ മാറ്റിവച്ചത്. പുലര്‍ച്ച ഒന്നരോയോടെയാണ് അങ്കമാലിയില്‍ നിന്ന് ഹൃദയം എറണാകുളത്ത് എത്തിച്ചത്.
പുലര്‍ച്ചെ ഒന്നരയോടെ തുടങ്ങിയ ശസ്ത്രക്രിയ മൂന്നരയോടെയാണ് പൂര്‍ത്തിയായത്. അടുത്ത് 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. കൊച്ചി ലിസി ആശുപത്രിയില്‍ രണ്ട് ദിവസത്തിനിടെ നടക്കുന്ന രണ്ടാമാത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയാണിത്.
വന്ദേഭാരതിലാണ് ഹൃദയമാറ്റ ശസ്ത്രക്രിയക്കായി പതിമൂന്ന് വയസുകാരിയെ എറണാകുളത്തെത്തിച്ചത്. എയര്‍ ആംബുലന്‍സ് ലഭിക്കാത്തതിനാലാണ് വന്ദേഭാരത് ജീവന്‍ രക്ഷാദൗത്യത്തിന് ഉപയോഗിച്ചത്. കൊച്ചിയില്‍ നിന്നും എയര്‍ ആംബുലന്‍സ് കൊല്ലത്ത് എത്തിച്ച് തിരിച്ചുകൊണ്ടുപോകാന്‍ സമയമെടുക്കുന്നതിനാലാണ് ഉടന്‍ തന്നെ വന്ദേഭാരതില്‍ കുട്ടിയെ കൊച്ചിയില്‍ എത്തിച്ചത്.