ദേശീയം

പ്രധാനമന്ത്രി നാളെ സന്ദർശിക്കാനിരിക്കെ മണിപ്പൂരിൽ വീണ്ടും പൊലീസും ജനങ്ങളും ഏറ്റുമുട്ടി

ഇംഫാൽ : പ്രധാനമന്ത്രി നാളെ സന്ദർശിക്കാനിരിക്കെ മണിപ്പൂരിൽ വീണ്ടും സംഘർഷം. മോദി ആദ്യമെത്തുന്ന ചുരാചന്ദ്പൂരിലാണ് സംഘർഷമുണ്ടായത്. പൊലീസും ജനങ്ങളും രാത്രി ഏറ്റുമുട്ടി. പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത കൊടിതോരണങ്ങൾ കീറിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്.

പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ബിഎസ്എഫ് കേന്ദ്രത്തിന് സമീപമുള്ള ചുരാചന്ദ്പൂരിലെ പിയേഴ്‌സൺമുൻ പ്രദേശത്താണ് സംഭവം.രാത്രിയോടെ സംഭവം നിയന്ത്രണവിധേയമാക്കിയതായും ചെറിയ നാശനഷ്ടങ്ങൾ മാത്രമാണുണ്ടായതെന്നും ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പൊലീസ്, സിആർപിഎഫ്, ബിഎസ്എഫ്, അസം റൈഫിൾസ് എന്നിവയുൾപ്പെടെയുള്ള സുരക്ഷാ സേനകളെ വൻതോതിൽ വിന്യസിച്ചിരിക്കെയാണ് സംഭവം. സുരക്ഷാ സാഹചര്യം വിലയിരുത്താൻ മണിപ്പൂരിലെ പൊലീസ് മേധാവി നേരത്തെ നഗരത്തിലെത്തിയിരുന്നു.

2023ൽ മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി മണിപ്പൂരിലെത്തുന്നത്. സന്ദര്‍ശനത്തിന് മുന്നോടിയായി നഗരത്തിൽ ഏകദേശം 10,000 ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചു. സന്ദർശനത്തിന് മുന്നോടിയായി ചുരാചന്ദ്പൂർ പട്ടണത്തിൽ ചില സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രധാനമന്ത്രിയെ എങ്ങനെ സ്വീകരിക്കണം എന്നതിനെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ചില സംഘടനകൾ അന്നേ ദിവസം കറുത്ത വസ്ത്രം ധരിക്കുമെന്ന് അറിയിച്ചിരുന്നു. മറ്റ് ചില വിദ്യാര്‍ഥി സംഘടനകൾ വേദിക്ക് പുറത്ത് ഒഴിഞ്ഞ ശവപ്പെട്ടികൾ വയ്ക്കാനും തീരുമാനിച്ചിരുന്നു.

ഇതിനിടയിൽ, സിആർപിഎഫ് ഐജി കബീബ് കെ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ ചൊവ്വാഴ്ച ചുരാചന്ദ്പൂർ ആസ്ഥാനമായുള്ള സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുമായി കൂടിക്കാഴ്ച നടത്തി. ശവപ്പെട്ടികൾ നീക്കം ചെയ്യാനും കറുത്ത വസ്ത്രം ധരിക്കുന്നത് ഒഴിവാക്കാനും ആവശ്യപ്പെട്ടിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button