യൂറോപ്യൻ യൂണിയൻ വാർത്തകൾ

ഫ്രാന്‍സിലും വൻ പ്രതിഷേധം; ‘ബ്ലോക്കോണ്‍സ് ടൗട്ട്’ മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങി ആയിരങ്ങള്‍

പാരിസ് : ഫ്രാന്‍സില്‍ ‘എല്ലാം തടയുക’ എന്ന മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങി ആയിരങ്ങള്‍. പ്രതിഷേധത്തിനിടെ തലസ്ഥാന നഗരമായ പാരിസില്‍ പ്രകടനക്കാര്‍ ബാരിക്കേഡുകള്‍ക്ക് തീയിടുകയും ഒട്ടേറെ വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. പിന്നാലെ കണ്ണീര്‍ വാതകം പ്രയോഗിച്ച് പോലീസ് സമരക്കാരെ പിരിച്ചുവിട്ടു. സംഘര്‍ഷത്തിന്റെ ആദ്യ മണിക്കൂറുകളില്‍ ഇരുന്നൂറിലധികം പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ സ്ഥിരീകരിച്ചു.

ബുധനാഴ്ചയാണ് ഫ്രാന്‍സില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉണ്ടായത്. പ്രകടനക്കാര്‍ പോലീസുമായി ഏറ്റുമുട്ടുകയും പാരിസിലും മറ്റ് നഗരങ്ങളിലും റോഡുകള്‍ തടയുകയും തീയിടുകയും ചെയ്തു. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനും സര്‍ക്കാരിനുമെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ‘എല്ലാം തടയുക’ പ്രസ്ഥാനത്തിന്റെ കീഴില്‍ ആയിരക്കണക്കിന് ജനങ്ങളാണ് തെരുവിലിറങ്ങിയത്.

റെന്‍സില്‍ ഒരു ബസ്സിന് തീയിട്ടതായും പവര്‍ ലൈനിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് തെക്ക്-പടിഞ്ഞാറന്‍ മേഖലയിലെ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായും ആഭ്യന്തര മന്ത്രി ബ്രൂണോ റിറ്റെയ്ലോ അറിയിച്ചു. പ്രകടനക്കാര്‍ കലാപാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വലിയ തോതിലുള്ള അക്രമങ്ങള്‍ തടയുന്നതിനായി മാക്രോണ്‍ സര്‍ക്കാര്‍ രാജ്യത്തുടനീളം 80,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.

എന്നാല്‍, പ്രകടനക്കാര്‍ വിവിധയിടങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും തീയിടുകയും പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു. പാരിസില്‍ മാലിന്യപ്പെട്ടികള്‍ക്ക് തീയിട്ടപ്പോള്‍, പ്രധാന പാതകളില്‍ ഗതാഗത തടസം നേരിട്ടു. പ്രാദേശിക സമയം രാവിലെ ഒമ്പത് മണിയോടെ തലസ്ഥാനത്ത് 75 പേരെ കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ പറഞ്ഞു. സംഘര്‍ഷം വ്യാപിച്ചതോടെ ദിവസം മുഴുവന്‍ അറസ്റ്റുകളുടെ എണ്ണം വര്‍ദ്ധിച്ചു.

രാജ്യത്തെ സ്തംഭിപ്പിക്കുക എന്ന ലക്ഷ്യം നടപ്പാക്കാനായില്ലെങ്കിലും ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച പാര്‍ലമെന്റിലെ വിശ്വാസവോട്ടെടുപ്പില്‍ പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്‌റോ പരാജയപ്പെട്ടതിനെ തുടന്നുണ്ടായ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് പിന്നാലെയാണ് ഫ്രാന്‍സില്‍ പ്രതിഷേധങ്ങള്‍ തുടങ്ങിയത്. പൊതു അവധികള്‍ വെട്ടിക്കുറയ്ക്കുന്നതും പെന്‍ഷനുകള്‍ മരവിപ്പിക്കുന്നതും ഉള്‍പ്പെടെയുള്ള കര്‍ശനമായ സാമ്പത്തിക അച്ചടക്ക നടപടികള്‍ പ്രഖ്യാപിച്ച ബെയ്‌റോ, പരാജയത്തിന് തൊട്ടുപിന്നാലെ രാജിവച്ചിരുന്നു.

ചൊവ്വാഴ്ച, മാക്രോണ്‍ തന്റെ വിശ്വസ്തനായ പ്രതിരോധ മന്ത്രി സെബാസ്റ്റ്യന്‍ ലെക്കോര്‍ണുവിനെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. 12 മാസത്തിനിടെ ഇത് നാലാമത്തെ പ്രധാനമന്ത്രിയാണ്. ദ്രുതഗതിയിലുള്ള ഈ മാറ്റങ്ങള്‍ രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയ്ക്ക് അടിവരയിടുന്നു. അതോടൊപ്പം, രാജ്യവ്യാപകമായ അസംതൃപ്തിയെ മാക്രോണ്‍ അവഗണിക്കുന്നു എന്ന് ആരോപിക്കുന്നവരുടെ രോഷം വര്‍ധിപ്പിക്കുന്നതിനും ഇത് കാരണമായി.

ബെയ്‌റോയുടെ രാജി തങ്ങളുടെ പരാതികള്‍ക്ക് പരിഹാരമാവുന്നില്ലെന്ന് യൂണിയനുകളും പ്രതിഷേധ സംഘാടകരും വാദിച്ചു. ‘സര്‍ക്കാരിന്റെ വീഴ്ച നല്ലതാണ്, പക്ഷേ, അത് അപര്യാപ്തമാണ്.’ റെയില്‍ യൂണിയനായ സുഡ്-റെയില്‍ ‘എക്‌സി’ല്‍ കുറിച്ചു. ‘ബ്ലോക്കോണ്‍സ് ടൗട്ട്’ (Let’s block everything) അഥവാ ‘എല്ലാം തടയുക’ പ്രസ്ഥാനം ഈ വര്‍ഷം മധ്യത്തോടെയാണ് ആരംഭിച്ചത്. ടിക് ടോക്, എക്‌സ്, എന്‍ക്രിപ്റ്റഡ് സന്ദേശമയയ്ക്കല്‍ ചാനലുകള്‍ എന്നിവയിലൂടെ ഓണ്‍ലൈനായാണ് പ്രതിഷേധം പ്രചാരം നേടിയത്. മാക്രോണിന്റെ നയങ്ങള്‍ അസമത്വം വര്‍ധിപ്പിക്കുന്നുവെന്ന് കരുതിയ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, ആക്ടിവിസ്റ്റുകള്‍ എന്നിവര്‍ക്കിടയില്‍ പണിമുടക്കുകള്‍ക്കും ബഹിഷ്‌കരണങ്ങള്‍ക്കും തെരുവ് പ്രതിഷേധങ്ങള്‍ക്കുമുള്ള ഈ പ്രസ്ഥാനത്തിന്റെ ആഹ്വാനങ്ങള്‍ വലിയ സ്വാധീനം ചെലുത്തി.

നേപ്പാളിലെ പ്രതിഷേധങ്ങള്‍ക്ക് സമാനമായി, ഫ്രാന്‍സിലെ ഈ പ്രസ്ഥാനത്തിനും കേന്ദ്രീകൃതമായ നേതൃത്വമില്ല. ഇത് പ്രസ്ഥാനത്തെ പ്രവചനാതീതവും അടിച്ചമര്‍ത്താന്‍ പ്രയാസമുള്ളതുമാക്കുന്നു എന്ന് വിദഗ്ധര്‍ പറയുന്നു. സമാധാനപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പോസ്റ്റുകള്‍ ആഹ്വാനം ചെയ്തെങ്കിലും, പ്രതിഷേധത്തിന്റെ വികേന്ദ്രീകൃത സ്വഭാവം പെട്ടെന്നുള്ള അക്രമങ്ങള്‍ക്ക് വഴിവെക്കുമെന്ന് അധികൃതര്‍ ഭയപ്പെടുന്നു.

റോഡുകള്‍ തടയുന്നത് മുതല്‍ ബാങ്കുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതും ആമസോണ്‍, കാരിഫോര്‍ തുടങ്ങിയ ആഗോള കുത്തകകളെ ബഹിഷ്‌കരിക്കുന്നതും വരെയുള്ള ഈ പ്രസ്ഥാനത്തിന്റെ തന്ത്രങ്ങള്‍ 2018-2019 കാലഘട്ടത്തിലെ ‘യെല്ലോ വെസ്റ്റ്’ പ്രതിഷേധങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. ഇന്ധന നികുതി വര്‍ദ്ധനവിനെ തുടര്‍ന്ന് ആരംഭിച്ച ആ പ്രകടനങ്ങള്‍ പെട്ടെന്നുതന്നെ മാക്രോണിനെതിരായ വലിയ പ്രക്ഷോഭമായി മാറിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button