ദേശീയം

ചെറുനാരങ്ങ ചതിച്ചു; ഡൽഹിയിൽ പുതിയ ഥാര്‍ ഷോറൂമിൻറെ ഒന്നാം നിലയിൽ നിന്നും തല കീഴായി താഴേക്ക്

ന്യൂഡൽഹി : പുതിയൊരു വീട് വയ്ക്കുമ്പോഴോ സംരംഭം തുടങ്ങുമ്പോഴോ തങ്ങളുടേതായ മതവിശ്വാസത്തിന് അനുസൃതമായ ആചാരങ്ങൾ പിന്തുടരുന്നവരാണ് ഭൂരിഭാഗം ഇന്ത്യാക്കാരും. ജാതകത്തിലും ജ്യോതിഷത്തിലുമൊക്കെ വിശ്വാസമുള്ളവര്‍ സമയമൊക്കെ നോക്കി പുതുകാര്യത്തിന് തുടക്കം കുറിക്കാറുണ്ട്. അതുപോലെ പുതിയ വാഹനങ്ങൾ വാങ്ങുമ്പോൾ ടയറിന്‍റെ അടിയിൽ ചെറുനാരങ്ങ വയ്ക്കുന്നത് നിങ്ങളിൽ പലരും കണ്ടിട്ടുണ്ടാകും. ചെറുനാരങ്ങയുടെ മുകളിലൂടെ വാഹനം കയറ്റിയിറക്കിയാണ് പുതുവാഹനത്തിലെ യാത്രകള്‍ ആരംഭിക്കാറുള്ളത്. തിങ്കളാഴ്ച ഡൽഹിയിലെ നിര്‍മാൺ വിഹാറിലെ മഹീന്ദ്ര ഷോറൂമിലുണ്ടായ സംഭവം കാഴ്ചക്കാരെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. പുതിയ കാര്‍ നാരങ്ങക്ക് മുകളിലൂടെ കയറ്റിയിറക്കാനുള്ള ശ്രമത്തിനിടെ വാഹനം ഷോറൂമിന്‍റെ ഒന്നാം നിലയിൽ നിന്നും താഴേക്ക് പതിക്കുകയായിരുന്നു.

ഷോറൂമിൽ നിന്നും പുതിയ ഥാര്‍ വാങ്ങിയ 29കാരിയായ മാനി പവാര്‍ എന്ന യുവതിക്കാണ് ഈ ദുരനുഭവമുണ്ടായത്. തിങ്കളാഴ്ച വൈകിട്ടാണ് മാനി 27 ലക്ഷം രൂപ വിലമതിക്കുന്ന തന്‍റെ പുതിയ വാഹനം വാങ്ങാനെത്തിയത്. ഷോറൂമിൽ നിന്ന് കാർ പുറത്തേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് പൂജയും ചടങ്ങും നടത്താൻ പവാർ തീരുമാനിച്ചു.ഇതിന്‍റെ ഭാഗമായി ഥാര്‍ റോഡിലിറക്കുന്നതിന് മുൻപ് ടയറിനടിയിൽ നാരങ്ങ വച്ച് സ്റ്റാര്‍ട്ട് ചെയ്തു. എന്നാൽ വാഹനം സാവധാനം മുന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ ആക്സിലേറ്ററിൽ ചവിട്ടുകയായിരുന്നു. ഇതോടെ കാര്‍ മുന്നോട്ട് കുതിക്കുകയും ഷോറൂമിന്‍റെ ഒന്നാം നിലയിലെ ചില്ല് ഭിത്തി തകര്‍ത്ത് താഴേക്ക് പതിക്കുകയുമായിരുന്നു. പവാറും ഷോറൂമിലെ വികാസ് എന്ന ജീവനക്കാരനുമാണ് വാഹനത്തിലുണ്ടായിരുന്നത്.

അപകടം നടന്നയുടൻ എയര്‍ബാഗുകൾ പ്രവര്‍ത്തിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ഇരുവര്‍ക്കും സാരമായ പരിക്കുകളൊന്നുമില്ല. അടുത്തുള്ള മാലിക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു. അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അഭിഷേക് ധാനിയ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button