അന്തർദേശീയം

നേപ്പാളില്‍ രാഷ്ട്രീയ അനിശ്ചിതത്വം; പ്രധാനമന്ത്രിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചു

കാഠ്മണ്ഡു : നേപ്പാളില്‍ യുവജന പ്രതിഷേധം ആളിപ്പടരവെ രാജിവെച്ച് പ്രസിഡന്റും. നേപ്പാള്‍ പ്രസിഡന്റ് രാംചന്ദ്ര പൗഡേല്‍ രാജിവെച്ചു. പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ രാജിക്ക് പിന്നാലെ പ്രസിഡന്റും രാജിവെച്ചതോടെ രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലായി. തിങ്കളാഴ്ച ആരംഭിച്ച പ്രക്ഷോഭത്തിന് ഇതുവരെയും അയവ് വന്നിട്ടില്ല. ഒലിയുടെ രാജിയ്ക്ക് പിന്നാലെ വിജയ പരേഡുമായി പ്രക്ഷോഭകര്‍ ഒത്തുകൂടി. നേപ്പാള്‍ പാര്‍ലമെന്റും സുപ്രീം കോടതിയും പ്രസിഡന്‍ഷ്യല്‍ പാലസും പ്രക്ഷോഭകര്‍ തകര്‍ത്തു. പ്രതിഷേധങ്ങളില്‍ 22 പേരാണ് ഇതുവരെ മരിച്ചത്.

സമൂഹ മാധ്യമ നിരോധനത്തില്‍ ആളിപ്പടര്‍ന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം കടുത്തതോടെയാണ് ഇന്ന് ഉച്ചയോടെ പ്രധാനമന്ത്രി കെപി ശര്‍മ ഒലി രാജി വെച്ചത്. പ്രക്ഷോഭകാരികള്‍ക്കൊപ്പം സൈന്യവും പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്. രാജിവെച്ച ശര്‍മ ഒലി സൈനിക ഹെലികോപ്റ്ററില്‍ കാഠ്മണ്ഡു വിട്ടെന്നാണ് വിവരം. എന്നാല്‍ എവിടേക്കാണ് പോയതെന്നതില്‍ വ്യക്തതയില്ല. പാര്‍ലമെന്റ് മന്ദിരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ സൈന്യം ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ ഇടക്കാല സര്‍ക്കാരിനെ നയിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭകാരികള്‍ പ്രചരണം നടത്തുന്നുണ്ട്. അക്രമം തുടരുന്നതിനാല്‍ തലസ്ഥാനമായ കാഠ്മണ്ഡു ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ കര്‍ഫ്യൂ തുടരുകയാണ്. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും കാഠ്മണ്ഡുവിലേക്കുളള വിമാനസര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിനിടെ നേപ്പാളിലുളള ഇന്ത്യക്കാര്‍ക്ക് ജാഗ്രത പുലര്‍ത്തണമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നേപ്പാളിലേക്ക് യാത്ര ചെയ്യരുതെന്നും നിര്‍ദേശമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button