ജെൻ സി പ്രതിഷേധം; നേപ്പാൾ പ്രധാനമന്ത്രി രാജിവച്ചു

കാഠ്‌മണ്ഡു : നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി രാജിവച്ചു. രണ്ടാം ദിവസവും ജെൻ സിയുടെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ രാജി. ശർമ ഒലിയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുമെന്നും റിപ്പോർട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഔദ്യോഗിക വസതി പ്രക്ഷോഭകർ കത്തിച്ചു. നിലവിലെ പ്രശ്നത്തിന് ഭരണഘടനാപരമായ പരിഹാരം കാണാനാണ് രാജിവച്ചതെന്ന് ശർമ ഒലി പ്രതികരിച്ചു.
സമൂഹമാദ്ധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കിൽ രോഷാകുലരായ ലക്ഷക്കണക്കിന് യുവജനങ്ങളാണ് (ജെൻ സി) സർക്കാരിനെതിരെ തെരുവിലിറങ്ങിയത്. മന്ത്രിമാരുടെ വീടുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. ഇന്നലെ പ്രക്ഷോഭത്തിൽ 20പേർ കൊല്ലപ്പെടുകയും 250പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സംഭവത്തിന് പിന്നാലെ സർക്കാരിൽ സേവനമനുഷ്ഠിക്കാൻ താൻ യോഗ്യനല്ലെന്ന് വ്യക്തമാക്കി ജലവിതരണ മന്ത്രി പ്രദീപ് യാദവ് മന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
സമൂഹമാദ്ധ്യമ നിരോധനം പിൻവലിച്ചിട്ടും പ്രക്ഷോഭം അവസാനിപ്പിക്കാൻ പ്രതിഷേധക്കാർ തയ്യാറായിട്ടില്ല.ഇന്നലെ രാത്രിയോടെയാണ് നേപ്പാളിൽ സമൂഹമാദ്ധ്യമ നിരോധനം പിൻവലിച്ചത്. ദേശീയ സുരക്ഷയുടെ പേരിലാണ് സമൂഹമാദ്ധ്യമ നിരോധനം ഏർപ്പെടുത്തിയിരുന്നത്. ഇതിനെതിരെ കാഠ്‌മണ്ഡുവിൽ തുടങ്ങിയ പ്രക്ഷോഭം ഇപ്പോൾ രാജ്യമാകെ വ്യാപിച്ചിരിക്കുകയാണ്.
അതേസമയം, പ്രക്ഷോഭത്തിൽ നേപ്പാൾ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. കലാപത്തെപ്പറ്റി അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും സർക്കാർ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുവാക്കൾ പ്രക്ഷോഭത്തിൽ നിന്ന് പിന്മാറണമെന്നാണ് വാർത്താ വിനിമയകാര്യ മന്ത്രി പൃഥ്വി ശൂഭ ഗുരുങ് അഭ്യർത്ഥിച്ചത്. എന്നാൽ സമൂഹമാദ്ധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ തീരുമാനത്തിൽ പശ്ചാത്താപം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ജെൻ സി പ്രക്ഷോഭം ആളിക്കത്തിയതോടെ അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് സമൂഹമാദ്ധ്യമ നിരോധനം പിൻവലിക്കാൻ തീരുമാനിച്ചത്.