ഫ്രീഡം ഫ്ലോട്ടില കപ്പലിന് നേരെ ടുണീഷ്യയിൽ ഡ്രോൺ ആക്രമണം

ടൂണിസ്സ് : ഗസ്സയിലേക്ക് തുർക്കിയിൽ നിന്ന് പുറപ്പെട്ട ഫ്രീഡം ഫ്ലോട്ടില കപ്പലിന് നേരെ ഡ്രോൺ ആക്രമണം. ടുണീഷ്യയിൽ വച്ചാണ് ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്നവർ സുരക്ഷിതരാണ്. ദൗത്യവുമായി മുന്നോട്ട് പോകുമെന്ന് ഗ്ലോബൽ സമൂദ് ഫ്ലോട്ടില അറിയിച്ചു. ഡ്രോൺ ആക്രമണത്തിന്‍റെ കൂടുതൽ ദൃശ്യങ്ങൾ ഗ്ലോബൽ സമൂദ് പുറത്തുവിട്ടിട്ടുണ്ട്.
“ജിഎസ്എഫ് സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങൾ സഞ്ചരിച്ചിരുന്ന ഫാമിലി ബോട്ട് എന്നറിയപ്പെടുന്ന പ്രധാന ബോട്ടിൽ ഡ്രോൺ ഇടിച്ചതായി ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല (ജിഎസ്എഫ്) സ്ഥിരീകരിക്കുന്നു. ബോട്ടിൽ പോർച്ചുഗീസ് പതാക ഉണ്ടായിരുന്നു, എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. നിലവിൽ അന്വേഷണം നടക്കുന്നുണ്ട്, കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഉടൻ പുറത്തുവിടും,” സംഘടന പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
“ഭീഷണിപ്പെടുത്താനും ഞങ്ങളുടെ ദൗത്യം പാളം തെറ്റിക്കാനും ലക്ഷ്യമിട്ടുള്ള ആക്രമണ പ്രവർത്തനങ്ങൾ ഞങ്ങളെ പിന്തിരിപ്പിക്കില്ല. ഗസ്സയിലെ ഉപരോധം തകർക്കാനും അവിടുത്തെ ജനങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനുമുള്ള ഞങ്ങളുടെ സമാധാനപരമായ ദൗത്യം ദൃഢനിശ്ചയത്തോടെ തുടരും” പ്രസ്താവനയിൽ പറയുന്നു. എന്നാൽ ഡ്രോൺ ആക്രമണത്തെ ടുണീഷ്യൻ അധികൃതര്‍ നിഷേധിച്ചു.
പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുംബര്‍ഗ് ഉൾപ്പെടെയുള്ള 350 സന്നദ്ധ പ്രവര്‍ത്തകരാണ് സഹായ സാമഗ്രികള്‍ നിറച്ച ബോട്ടിലുള്ളത്. കഴിഞ്ഞ തിങ്കളാഴ്ച ബാഴ്‌സലോണയിൽ നിന്നാണ് ഏകദേശം 20 കപ്പലുകളുടെ ഫ്ലോട്ടില ഗസ്സയിലേക്ക് പുറപ്പെട്ടത്. ഇസ്രയേല്‍ പതിവ്പോലെ തടഞ്ഞില്ലെങ്കില്‍ സഹായവിതരണം ഗസ്സയില്‍ നടത്താനാകുമെന്നാണ് സംഘം പ്രതീക്ഷിക്കുന്നത്.