ഇസ്രയേലുമായി സമഗ്ര ഉഭയകക്ഷി നിക്ഷേപക്കരാറിൽ ഒപ്പുവച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : ഇസ്രയേലുമായി സമഗ്രമായ ഉഭയകക്ഷി നിക്ഷേപക്കരാറിൽ ഒപ്പുവച്ച് കേന്ദ്രസർക്കാർ. ഗാസയിലെ കൂട്ടക്കുരുതിയെ ലോകരാജ്യങ്ങളാകെ തള്ളിപ്പറഞ്ഞ ഘട്ടത്തിലാണ് ഇസ്രയേലുമായി നിക്ഷേപ സഹകരണത്തിനുളള കേന്ദ്രസർക്കാർ തീരുമാനം.
ഇസ്രയേലുമായുള്ള സ്വതന്ത്രവ്യാപാരക്കരാറിനും ഇത് അടിത്തറയിടും. ധനമന്ത്രി നിർമല സീതാരാമനും ഇസ്രയേൽ ധനമന്ത്രി ബെസലേൽ സ്‌മോട്രിച്ചുമാണ് കരാറിൽ ഒപ്പുവച്ചത്.
മൂന്നുദിവസത്തെ സന്ദർശനത്തിനായി സ്‌മോട്രിച്ച് ഇന്ത്യയിലെത്തുന്നതിന് മുമ്പുതന്നെ ഉഭയകക്ഷി കരാറിനുള്ള കരടിൽ ധാരണയായിരുന്നു. സന്ദർശനത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ചതന്നെ കാര്യമായ തുടർചർച്ചകളില്ലാതെ അന്തിമകരാറിൽ എത്തുകയും ചെയ്‌തു. ഉക്രയ്‌ൻ യുദ്ധത്തിന്റെ പേരിൽ റഷ്യയുമായി സഹകരിക്കുന്ന രാജ്യങ്ങളെ വിരട്ടുന്ന അമേരിക്ക, ഗാസയിൽ ഏകപക്ഷീയമായ കൂട്ടക്കുരുതി തുടരുന്ന ഇസ്രയേലുമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ സഹകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ്.ഇരുരാജ്യത്തെയും നിക്ഷേപകർക്ക് സംരക്ഷണം, വിവേചനരാഹിത്യം, നീതിയുക്തമായ പരിഗണന, തർക്കപരിഹാരത്തിന് സ്വതന്ത്ര സംവിധാനം, സ്വത്തുക്കൾ പിടിച്ചെടുക്കുന്നതിൽനിന്ന് സംരക്ഷണം, നിയന്ത്രണങ്ങളിൽ വ്യക്തത, സുഗമമായ ഫണ്ട് കൈമാറ്റം, നഷ്ടം സംഭവിച്ചാൽ നഷ്ടപരിഹാരം തുടങ്ങിയ വ്യവസ്ഥകളാണ് ഉഭയകക്ഷി നിക്ഷേപക്കരാറിലുള്ളത്. ഇൗ വർഷം ഇസ്രയേലിൽനിന്നുള്ള നാലാമത്തെ ഉന്നതതല സന്ദർശനമാണ് സ്‌മോട്രിച്ചിന്റേത്. നേരത്തേ വിനോദസഞ്ചാര, വ്യവസായ, കൃഷി– ഭക്ഷ്യസുരക്ഷാ മന്ത്രിമാർ ഇന്ത്യയിലെത്തി. ഗാസയെ കടന്നാക്രമിക്കുമ്പോഴും ഇന്ത്യ– ഇസ്രയേൽ ബന്ധം ദൃഢപ്പെടുന്നതിന് തെളിവാണ് ഇൗ ഉന്നതതല സന്ദർശനങ്ങൾ.