അർജന്റീന ബ്യൂനസ് ഐറിസ് പ്രവിശ്യാ തെരഞ്ഞെടുപ്പ് : വലതുപക്ഷ സർക്കാരിന് കനത്ത തിരിച്ചടി

ബ്യൂനസ് ഐറിസ് : അർജന്റീനയിൽ ബ്യൂനസ് ഐറിസ് പ്രവിശ്യാ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഹാവിയർ മിലേയുടെ വലതുപക്ഷ സർക്കാരിന് കനത്ത തിരിച്ചടി. ഇടതുപക്ഷ പെറോണിസ്റ്റുകൾ നയിക്കുന്ന പ്രതിപക്ഷസഖ്യമായ ‘ഫ്യൂർസ പാട്രിയ’ നേടിയ ഉജ്വല വിജയം ഒക്ടോബറിൽ നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നേറ്റമുണ്ടാകുമെന്ന വ്യക്തമായ സൂചനയായി. 1.43 കോടി വോട്ടർമാരുള്ള തലസ്ഥാന ജില്ലയിലാണ് രാജ്യത്താകെയുള്ള വോട്ടർമാരിൽ 37 ശതമാനവും.
ഫ്യൂർസ പാട്രിയയ്ക്ക് 47 ശതമാനത്തിലധികം വോട്ടു ലഭിച്ചപ്പോൾ, വലതുപക്ഷ സഖ്യമായ ലാ ലിബർട്ടാഡ് അവാൻസയുടെ വോട്ടുവിഹിതം 34 ശതമാനത്തിലൊതുങ്ങി. പ്രവിശ്യയിലെ എട്ടു ഇലക്ടറൽ സെക്‌ഷനുകളിൽ ആറെണ്ണത്തിലും 135 മുനിസിപ്പാലിറ്റികളിൽ 99 ഇടത്തും ഫ്യൂർസ പാട്രിയ വിജയിച്ചു. 42 വർഷത്തിനിടെ ആദ്യമായാണ് ബ്യൂനസ് ഐറിസ് പ്രവിശ്യാ തിരഞ്ഞെടുപ്പ് ദേശീയ തിരഞ്ഞെടുപ്പുകളിൽനിന്ന് സ്വതന്ത്രമായി നടത്തിയത്. പ്രസിഡന്റിന്റെ സഹോദരി കരീന മിലേ ഉൾപ്പെട്ട അഴിമതി വിവാദത്തെത്തുടർന്ന് സംഘർഷാത്മകമായ അന്തരീക്ഷത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എന്നാൽ, ഞായറാഴ്‌ചത്തെ വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. സാമൂഹിക ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കൽ, വിലക്കയറ്റം, വരുമാനത്തിലെ ഇടിവ് തുടങ്ങിയ പ്രശ്‌നങ്ങളിൽ രൂക്ഷവിമർശനമാണ് ഹാവിയർ മിലേയുടെ സർക്കാർ നേരിടുന്നത്.