കേരളം

തൃശൂരില്‍ ഇന്ന് പുലിയിറങ്ങും; ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

തൃശൂര്‍ : തൃശൂരില്‍ ഇന്ന് പുലിയിറക്കം. നാടന്‍ ചെണ്ടകളുടെയും പെരുമ്പറകളുടെയും വന്യതാളത്തില്‍ അരമണികുലുക്കി കുടവയര്‍ കുലുക്കി പുലിക്കൂട്ടം ഇന്ന് നഗരഹൃദയം കീഴടക്കും. വിശ്വപ്രസിദ്ധമായ പുലികളിക്ക് ഇനി മണിക്കൂറുകള്‍ മാത്രം.

വെളിയന്നൂര്‍ ദേശം, കുട്ടന്‍കുളങ്ങര ദേശം, യുവജനസംഘം വിയ്യൂര്‍, ശങ്കരംകുളങ്ങരദേശം, അയ്യന്തോള്‍ ദേശം, ചക്കാമുക്ക് ദേശം, സീതാറാം മില്‍ ദേശം, നായ്ക്കനാല്‍ ദേശം, പാട്ടുരായ്ക്കല്‍ദേശം എന്നീ ടീമുകളാണ് പങ്കെടുക്കുക. പുലിവേഷത്തിനുള്ള പെയിന്റരയ്ക്കല്‍ കഴിഞ്ഞു. പുലിച്ചമയ പ്രദര്‍ശനം നഗരത്തില്‍ പലപുലിമടകളിലായി തുടര്‍ന്നുവരികയാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി പുലിവരയ്ക്കും ചമയ പ്രദര്‍ശനത്തിനും ഇത്തവണ സമ്മാനമുണ്ട്.

പുലിക്കളിക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. പുലിക്കളി സംഘങ്ങള്‍ക്ക് ധനസഹായമായി 3,12,500 രൂപ വീതം നല്‍കും. മുന്‍കൂറായി ഓരോ ടീമിനും 1,56,000 രൂപ കൈമാറി. ഇന്ന് 4.30ന് സ്വരാജ് റൗണ്ടിലെ തെക്കെഗോപുരനടയില്‍ വെളിയന്നൂര്‍ ദേശം സംഘത്തിന് മേയര്‍ എം.കെ. വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ മന്ത്രിമാരും എംഎല്‍എമാരും സംയുക്തമായി ഫ്‌ളാഗ്ഓഫ് ചെയ്യുന്നതോടെ പുലിക്കളിക്ക് തുടക്കമാകും. നടുവിലാല്‍ ഗണപതിക്ക് തേങ്ങയുടച്ച് പുലികള്‍ സ്വരാജ് റൗണ്ട് ലക്ഷ്യമാക്കി നീങ്ങും.

പുലിക്കളി മഹോത്സവത്തിനോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശൂര്‍ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button