ഇന്ത്യൻ ഉൽപന്നങ്ങൾക്ക് തീരുവ ഒഴിവാക്കി ആസ്ട്രേലിയ; വാണിജ്യ കരറിൽ ഒപ്പുവെച്ചു
തൊഴിൽ പ്രാധാന്യമുള്ള മേഖലകളിൽ കരാർ നേട്ടമുണ്ടാക്കും
ന്യൂഡല്‍ഹി: കയറ്റുമതി രംഗത്ത് വന്‍ നേട്ടമാകുമെന്ന് പ്രതീക്ഷിക്കുന്ന വ്യാപാര, സാമ്ബത്തിക സഹകരണ കരാറില്‍ ഇന്ത്യയും ആസ്ട്രേലിയയും ഒപ്പുവെച്ചു.
തുണിത്തരങ്ങള്‍, തുകല്‍, ആഭരണങ്ങള്‍, കായിക ഉല്‍പന്നങ്ങള്‍ തുടങ്ങി 95 ശതമാനത്തിലധികം ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്കും ആസ്ട്രേലിയന്‍ വിപണിയില്‍ തീരുവ രഹിത പ്രവേശനത്തിന് ഇതുവഴി സാധ്യമാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന വെര്‍ച്വല്‍ ചടങ്ങില്‍ ആസ്ട്രേലിയയുടെ വ്യാപാര, നിക്ഷേപ, ടൂറിസം മന്ത്രി ഡാന്‍ തഹാനും ഇന്ത്യയുടെ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലുമാണ് കരാറില്‍ ഒപ്പുവെച്ചത്. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധത്തില്‍ നിര്‍ണായകമായ നിമിഷമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കാന്‍ കരാറിന് സാധിക്കുമെന്ന് സ്കോട്ട് മോറിസണും വ്യക്തമാക്കി.
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ആസ്ട്രേലിയയുമായുള്ള ഉഭയകക്ഷി വ്യാപാരം 27 ബില്യണ്‍ ഡോളറില്‍നിന്ന് 50 ബില്യണ്‍ ഡോളറിലെത്താന്‍ കരാര്‍ സഹായകമാവുമെന്ന് വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ നിലവില്‍ നാലു മുതല്‍ അഞ്ചു ശതമാനം വരെ കയറ്റുമതി നികുതിയുള്ള വസ്തുക്കള്‍ക്ക് പൂര്‍ണമായും നികുതിയിളവ് ലഭിക്കും.
തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, കാര്‍ഷിക, മത്സ്യ ഉല്‍പന്നങ്ങള്‍, തുകല്‍, പാദരക്ഷകള്‍, ഫര്‍ണിച്ചറുകള്‍, സ്പോര്‍ട്സ് സാധനങ്ങള്‍, ആഭരണങ്ങള്‍, യന്ത്രങ്ങള്‍, ഇലക്‌ട്രിക്കല്‍ ഉല്‍പന്നങ്ങള്‍, റെയില്‍വേ വാഗണുകള്‍ എന്നിവ ഉള്‍പ്പെടുന്ന തൊഴില്‍ പ്രാധാന്യമുള്ള മേഖലകളില്‍ കരാര്‍ വന്‍ നേട്ടമുണ്ടാക്കും.