ഇസ്രയേൽ വ്യോമാക്രമണം ആക്രമണം; യെമനിലെ ഹൂതി പ്രധാനമന്ത്രി കൊല്ലപ്പെട്ടു

സന : ഇസ്രയേൽ ആക്രമണത്തിൽ യെമൻ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവി കൊല്ലപ്പെട്ടതായി യെമനി മാധ്യമങ്ങൾ. യെമന്റെ തലസ്ഥാനമായ സനയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിലാണു ഹൂതികൾ നേതൃത്വം നൽകുന്ന സർക്കാരിന്റെ പ്രധാനമന്ത്രി കൊല്ലപ്പെട്ടത്. യെമൻ മാധ്യമങ്ങളെ ഉദ്ധരിച്ച് ഇസ്രയേൽ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ടു ചെയ്തു. റഹാവിക്കൊപ്പം നിരവധി നേതാക്കളും കൊല്ലപ്പെട്ടതായി സൂചനയുണ്ട്. റഹാവി താമസിച്ചിരുന്ന അപ്പാർട്മെന്റിലാണ് ആക്രമണം നടന്നത്.
ഇസ്രയേൽ സർക്കാർ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ആഭ്യന്തര യുദ്ധത്തെ തുടർന്ന് സന ഉൾപ്പെടെയുള്ള വടക്കൻ മേഖലയുടെ ഭരണം ഹൂതികൾക്കാണ്. രാജ്യാന്തര പിന്തുണയോടെ തെക്കൻ പ്രദേശം ഭരിക്കുന്നത് പ്രസിഡന്റ് റഷാദ് അൽ അലിമിയാണ്. ഹൂതികളെ പിന്തുണയ്ക്കുന്നതു ഹമാസും ഹിസ്ബുല്ലയും ഇറാനുമാണ്. രണ്ടാഴ്ചയ്ക്കിടെ നിരവധി ആക്രമണങ്ങൾ ഇസ്രയേൽ യെമൻ തലസ്ഥാനത്ത് നടത്തിയിരുന്നു. 10 ഹൂതി മന്ത്രിമാരെ ഇസ്രയേൽ ലക്ഷ്യമിട്ടിരുന്നതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.