തട്ടിക്കൊണ്ടുപോകല്‍ കേസ്; നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

കൊച്ചി : കൊച്ചിയിലെ തട്ടിക്കൊണ്ടുപോകല്‍ സംഭവത്തില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്ന കേസില്‍ ആണ് കോടതി ഇടപെടല്‍. ഓണം അവധിക്ക് ശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിശദമായ വാദം കേള്‍ക്കും.
സംഭവത്തില്‍ നടി ലക്ഷ്മി മേനോന് ഒപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മിഥുന്, അനീഷ്, സോന മോള് എന്നിവരെയാണ് പൊലീസ് പിടി കൂടിയത്. സംഭവത്തില്‍ എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ നടി ഒളിവില്‍ പോവുകയായിരുന്നു. സംഭവത്തില്‍ ലക്ഷ്മി മേനോനേയും സംഘത്തേയും പരാതിക്കാരനും സുഹൃത്തുക്കളും ആക്രമിച്ചതായും പരാതി നല്‍കിയിട്ടുണ്ട്. അറസ്റ്റിലായ സോന മോളാണ് പരാതി നല്‍കിയത്.
ശനിയാഴ്ച രാത്രി നോര്‍ത്ത് പാലത്തിന് സമീപത്ത് വച്ചായിരുന്നു കേസിന് കാരണമായ സംഭവം. നടുറോഡില്‍ കാര്‍ തടഞ്ഞു നിര്‍ത്തി തര്‍ക്കിക്കുകയും ആക്രമിക്കുകയും ചെയ്ത ശേഷമാണ് പരാതിക്കാരനെ വലിച്ചിറക്കി മറ്റൊരു വാഹനത്തില്‍ തട്ടിക്കൊണ്ടു പോകുന്നത്. സംഭവത്തില്‍ ലക്ഷ്മി മേനോനെ വെട്ടിലാക്കി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. പുറത്ത് വന്ന വിഡിയോയില്‍ ലക്ഷ്മി മേനോനേയും വ്യക്തമായി കാണാം. താരമുള്‍പ്പടെയുള്ള സംഘം വാഹനം തടയുകയും തര്‍ക്കിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.