ജമ്മു കശ്മീരിലെ കത്രയിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണം 30 ആയി; 23 പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്രയിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണം 30 ആയി. 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. കത്രയിലെ അര്‍ധകുമാരിക്ക് സമീപം മാതാ വൈഷ്ണോ ദേവി യാത്രാ പാതയിലാണ് ബുധനാഴ്ച കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായത്. കൂടുതല്‍ ആളുകള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന ആശങ്കയെത്തുടര്‍ന്ന്, പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.
ദോഡ, ജമ്മു , ഉദ്ധംപൂര്‍ എന്നിവിടങ്ങളില്‍ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. റോഡുകളും പാലങ്ങളും മുങ്ങിയത് ഗതാഗതത്തെയും ബാധിച്ചു. 22 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. വിവിധ റെയില്‍വെ സ്റ്റേഷനുകളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി മേഖലകളില്‍ വൈദ്യുതി ലൈനുകളും മൊബൈല്‍ ടവറുകളും തകര്‍ന്നു. ഇതോടെ വാര്‍ത്താവിനിമയ സംവിധാനങ്ങളും തകരാറിലായി.
കനത്ത മഴ, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവയെ തുടര്‍ന്ന് ജമ്മു മേഖലയിലെ നിരവധി അന്തര്‍ സംസ്ഥാന റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ദേവക് നദിയിലെ പാലത്തിന്റെ തൂണ് തകര്‍ന്നതിനെത്തുടര്‍ന്ന് സാംബയിലെ വിജയ്പൂരിന് സമീപം ജമ്മു-പത്താന്‍കോട്ട് ദേശീയ പാതയിലെ ഗതാഗതം നിര്‍ത്തിവച്ചതായി പൊലീസ് അറിയിച്ചു.
ജമ്മു, കത്വ ഭാഗങ്ങളില്‍ നിന്നുള്ള ഗതാഗതം പൂര്‍ണമായി നിര്‍ത്തിവച്ചിരിക്കുകയാണ്. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് നിരവധി നദികളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ജമ്മു നഗരത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 250 മില്ലിമീറ്ററിലധികം മഴയാണ് ലഭിച്ചത്.