ഗഗന്യാൻ ദൗത്യം : നിര്‍ണായക ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ്പ് പരീക്ഷണം ഇന്ന്

ഹൈദരാബാദ് : മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യന്‍ ദൗത്യമായ ഗഗന്‍യാനുമായി ബന്ധപ്പെട്ട് നിര്‍ണായക പരീക്ഷണം ഇന്ന്. ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ് ടെസ്റ്റ് എന്നറിയപ്പെടുന്ന പാരച്യൂട്ടിന്റെ പ്രവര്‍ത്തനമാണ് ഇന്ന് പരീക്ഷിക്കുന്നത്. ഐഎസ്ആര്‍ഒ, ഇന്ത്യന്‍ വ്യോമസേന, നാവിക സേന എന്നിവയുടെ നേതൃത്വത്തില്‍ ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ ആണ് പരീക്ഷണം.
ഇന്റഗ്രേറ്റഡ് എയര്‍ ഡ്രോപ്പ് ടെസ്റ്റ് (ഐഎഡിടി) എന്നറിയപ്പെടുന്ന ഈ പ്രക്രിയയില്‍, 4,000-4500 കിലോഗ്രാം ഭാരമുള്ള (ഗഗന്യാന് ബഹിരാകാശയാത്രികനെ വഹിക്കുന്ന കാപ്സ്യൂള്‍) കാപ്സ്യൂളിന് സമാനമായ ഭാരം വഹിക്കുകയും ഏകദേശം 4,000 മീറ്റര്‍ (4 കിലോമീറ്റര്‍) ഉയരത്തിലേക്ക് ഉയര്‍ത്തുകയും പിന്നീട് കടലിലേക്ക് തിരിച്ചിറക്കുകയും ചെയ്യുന്ന നടപടിയാണ് പരീക്ഷിക്കുന്നത്. വ്യോമ സേനയുടെ ഐഎഎഫ് ബോയിങ് സിഎച്ച്-47 ചിനൂക്ക് ഹെവി-ലിഫ്റ്റ് ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ പരീക്ഷണത്തില്‍ പങ്കെടുക്കും.
കാപ്സ്യൂള്‍ ഭുമി ലക്ഷ്യമാക്കി പതിക്കുമ്പോള്‍ പാരച്യൂട്ടുകള്‍ ഉപയോഗിച്ച് വേഗം കുറയ്ക്കുന്ന പരീക്ഷണമാണ് നടത്തുന്നത്. സുരക്ഷിതമായ സ്പ്ലാഷ്ഡൗണ്‍ ലാന്‍ഡിങ്ങിന്റെ സാഹചര്യമാണ് പരീക്ഷിക്കുന്നത്. കാലാവസ്ഥയും മറ്റ് സാങ്കേതി സാഹചര്യങ്ങളും അനൂകൂലമായാല്‍ ഇന്ന് പരീക്ഷണം നടത്തുമെന്നാണ് അറിയിപ്പ്. കാലാവസ്ഥാ പ്രശ്നങ്ങള്‍ മൂലം നിരവധി തവണ മാറ്റിവച്ച പരീക്ഷണമാണ് ഇന്ന് നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്നത്.
ഗന്‍യാന്‍ പരീക്ഷണ ദൗത്യം ഈ വര്‍ഷം ഡിസംബറില്‍ ആരംഭിക്കാനാണ് ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്. ബഹിരാകാശ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശുഭാംശു ശുക്ല, ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബി നായര്‍ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് ഐഎസ്ആര്‍ഒ മേധാവി വി നാരായണന് ഓഗസ്റ്റ് 21 ന് ഇക്കാര്യം അറിയിച്ചത്.