ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി സെർജിയോ ഗോറിനെ പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടൺ ഡിസി : ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി സെർജിയോ ഗോറിനെ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 38 കാരനായ ഗോർ വൈറ്റ് ഹൗസിലെ ട്രംപിന്റെ ശക്തനായ സഹായികളിൽ ഒരാളായിരുന്നു. ഇന്ത്യ–യുഎസ് ബന്ധം വഷളായതിനു പിന്നാലെയാണ് ട്രംപ് തന്റെ സഹായിയെ ഇന്ത്യയിലെ അംബാസഡറായി നിയോഗിച്ചത്.
‘‘ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത്, തന്റെ അജൻഡ നടപ്പിലാക്കാനും യുഎസിനെ വീണ്ടും മഹത്തരമാക്കാനും തനിക്ക് പൂർണമായി വിശ്വസിക്കാൻ കഴിയുന്ന ഒരാൾ ഉണ്ടായിരിക്കണം, അത് പ്രധാനമാണ്’’– ട്രംപ് സമൂഹ മാധ്യമ അക്കൗണ്ടായ ട്രൂത്തിൽ കുറിച്ചു. ദക്ഷിണ, മധ്യേഷ്യയുടെ പ്രതിനിധിയായും സെർജിയോ ഗോറിനെ ചുമതലപ്പെടുത്തിയതായി ട്രംപ് പറഞ്ഞു.
പരിചയ സമ്പന്നരായ നയതന്ത്രജ്ഞരെ മാറ്റിനിർത്തി, നയതന്ത്രത്തിനായി വ്യക്തിപരമായ സുഹൃത്തുക്കളെ ആശ്രയിച്ചിരിക്കുകയാണ് ട്രംപ്. ഗോറിന്റെ പ്രധാന ശത്രുവാണ് ടെസ്ല സിഇഒ ഇലോൺ മസ്ക്. ഗോറിനെ ‘പാമ്പ്’ എന്നാണ് മസ്ക് വിശേഷിപ്പിച്ചത്. കഴിഞ്ഞ ജൂണിലാണ് ഇത്തരത്തിൽ മസ്ക് പരാമർശം നടത്തിയത്.
വിദേശ യാത്രകളിൽ പങ്കുചേരുക, ദേശീയ സുരക്ഷാ കൗൺസിൽ ജീവനക്കാരെ നീക്കം ചെയ്യുക എന്നിവയായിരുന്നു ഗോറിന്റെ വൈറ്റ് ഹൗസിലെ ചുമതലകൾ. വിദേശനയതന്ത്രത്തിൽ ഒട്ടും പരിചയമില്ലാത്ത ഗോറിനെയാണ് ഇന്ത്യയിലെ യുഎസ് അംബാസഡർ ആയി ട്രംപ് നിയമിച്ചിരിക്കുന്നത്. റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ഉപയോഗിച്ച സമ്മർദ്ദ തന്ത്രമെന്ന പേരിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ ഇരട്ട പ്രതികാര ചുങ്കം ചുമത്തിയതിന് പിന്നാലെ നടക്കുന്ന നിയമനമാണിത്.