കേരളം

നടുറോഡിൽ കോൺഗ്രസ് നേതാവുമായി കലഹം; സുരേഷ് ഗോപിയുടെ മകന്‍ മാധവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടു

തിരുവനന്തപുരം : നടുറോഡിൽ കോൺഗ്രസ് നേതാവുമായി കലഹിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടു. ഇന്നലെ രാത്രി 11 മണിയോടെ ശാസ്തമംഗലത്തായിരുന്നു സംഭവം. നടുറോഡില്‍ മാധവ്, കെപിസിസി അംഗം വിനോദ് കൃഷ്ണയുടെ വാഹനം തടഞ്ഞുനിര്‍ത്തി ബോണറ്റില്‍ അടിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നു. മാധവും കോണ്‍ഗ്രസ് നേതാവുമായി നടുറോഡില്‍ പാതിരായ്ക്ക് വാഹനം വഴിമാറ്റുന്നതിനെച്ചൊല്ലിയാണ് തർക്കം നടന്നത്.

തന്റെ വാഹനത്തില്‍ അടിച്ചിട്ടു പോയതു കൊണ്ടാണ് വണ്ടി തടഞ്ഞതെന്നു മാധവ് പറയുന്നതു വീഡിയോയിൽ കേള്‍ക്കാം. ഏതാണ്ട് 15 മിനിറ്റോളം തര്‍ക്കം തുടര്‍ന്നു. വിനോദിന്റെ വാഹനത്തിനു മുന്നില്‍ കയറി മാധവ് നില്‍ക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ വിനോദ് പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് മ്യൂസിയം പൊലീസ് സ്ഥലത്തെത്തി മാധവിനെ ജീപ്പില്‍ കയറ്റി കൊണ്ടുപോയി. ബ്രത്ത് അനലൈസര്‍ പരിശോധനയില്‍ മാധവ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. ഇതിനിടെ മാധവിന്റെ ബന്ധുക്കളും സ്ഥലത്തെത്തി. പിന്നീട് സ്‌റ്റേഷനില്‍ വച്ച് സംസാരിച്ച് കേസില്ല എന്ന ധാരണയില്‍ പിരിയുകയായിരുന്നു.

മാധവിനും വിനോദ് കൃഷ്ണയ്ക്കും പരാതിയില്ലെന്ന് അറിയിച്ചതിനാല്‍ വിട്ടയച്ചുവെന്ന് പൊലീസ് അറിയിച്ചു. ജിഡി എന്‍ട്രിയില്‍ രേഖപ്പെടുത്തി വിട്ടയച്ചുവെന്നും പൊലീസ് അറിയിച്ചു. മാധവിനെ മനസിലായെന്നും ബഹളം വയ്ക്കാതെ വീട്ടില്‍ പോകാന്‍ പറഞ്ഞുവെന്നും വിനോദ് പറഞ്ഞു. കേന്ദ്രമന്ത്രിയുടെ മകനാണ്, വഴിയില്‍ കിടന്നു പ്രശ്‌നമുണ്ടാക്കി നാണക്കേടാക്കരുതെന്നും പറഞ്ഞു. എന്നാല്‍ അതൊന്നും കേള്‍ക്കാതെ അസഭ്യം പറയുകയായിരുന്നു. പിന്നീട് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ മാധവ് ഖേദപ്രകടനം നടത്തി. അതോടെ പരാതി ഇല്ലെന്നു വ്യക്തമാക്കുകയായിരുന്നുവെന്നും വിനോദ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button