കേരളം

ജിഎസ്ടി പുനഃസംഘടന : കേരളത്തിന്റെ നികുതിവരുമാനം ഇടിയും

തിരുവനന്തപുരം : ചരക്ക്-സേവന നികുതി(ജിഎസ്ടി) ഘടന മാറുമ്പോള്‍ ആഡംബര വസ്തുക്കള്‍ക്കും നികുതി കുറയുമെന്ന് സൂചന. ഇത് സംഭവിച്ചാല്‍ കേരളത്തിന് നികുതിവരുമാനം വൻതോതില്‍ കുറയും. ലോട്ടറിക്ക് 40 ശതമാനംവരെ നികുതി ഉയർന്നേക്കാമെന്നും സൂചനയുണ്ട്.

ജിഎസ്ടിക്കു നിലവില്‍ നാല് നികുതി നിരക്കുകളുണ്ട്. അഞ്ച്, 12, 18, 28 എന്നിങ്ങനെ. ഇത് രണ്ടു നിരക്കുകളായി കുറയ്ക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. ജിഎസ്ടി കൗണ്‍സിലാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. വിലകൂടിയ മൊബൈല്‍, മുന്തിയതരം ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവയ്ക്കൊക്കെ നികുതി കുറയാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിവരം. ഇത് ഉപഭോക്തൃസംസ്ഥാനമായ കേരളത്തെ കാര്യമായി ബാധിക്കും.നികുതിഘടനയിലെ മാറ്റം കേരളത്തിന്റെ വരുമാനത്തെ എത്രത്തോളം ബാധിക്കുമെന്ന് പഠിക്കാൻ സർക്കാർ സംസ്ഥാന ജിഎസ്ടി വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നികുതി ഘടന ശുപാർശചെയ്യേണ്ട ആറംഗ മന്ത്രിതല സമിതിയില്‍ കേരള ധനമന്ത്രി കെ.എൻ. ബാലഗോപാലും അംഗമാണ്. 20, 21 തീയതികളില്‍ ന്യൂഡല്‍ഹിയില്‍ മന്ത്രിതലസമിതി യോഗം ചേരുന്നുണ്ട്.

നികുതി കുറഞ്ഞാല്‍ സംസ്ഥാനങ്ങളെ അത് ബാധിക്കും. അതേസമയം, ഉത്പന്നങ്ങളുടെ വിലകുറയണമെന്ന് നിർബന്ധമില്ല. മുൻപ് ജിഎസ്ടി കുറച്ചപ്പോള്‍ അതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കാതെ കച്ചവടക്കാർ ലാഭം കൊയ്യുകയായിരുന്നെന്ന് കേരളം തന്നെ പഠനത്തില്‍ തെളിയിച്ചിരുന്നു. ഈ സാഹചര്യം ഒഴിവാക്കണമെന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്.ലോട്ടറിക്ക് ഇപ്പോള്‍ 28 ശതമാനമാണ് നികുതി. ഇത് 40 ആക്കിയാല്‍ ഇനിയും വിലകൂട്ടേണ്ടിവരും.ജിഎസ്ടി നടപ്പാക്കിയപ്പോള്‍ വരുമാനനഷ്ടമില്ലാത്ത നികുതിനിരക്ക് ശരാശരി 15.3 ശതമാനമായാണ് കണക്കാക്കിയത്. 2018-ല്‍ നികുതിഘടന പരിഷ്കരിച്ച്‌ നിരക്കുകള്‍ കുറച്ചപ്പോള്‍ ഇത് 11.3 ശതമാനമായി താഴ്ന്നു. ഇത് സംസ്ഥാനങ്ങളെയും ബാധിച്ചു.

നികുതിവരുമാനത്തിലെ വളർച്ച 14 ശതമാനം എന്നായിരുന്നു ജിഎസ്ടി നടപ്പാക്കിയപ്പോഴുണ്ടായിരുന്ന ലക്ഷ്യം. ഇത് കൈവരിക്കാനാകാത്ത സംസ്ഥാനങ്ങള്‍ക്ക് ആദ്യ അഞ്ചുവർഷം നഷ്ടപരിഹാരം നല്‍കിയിരുന്നു. എന്നാല്‍, കേരളത്തിന് 12 ശതമാനത്തിനപ്പുറം നികുതിവരുമാന വളർച്ച കൂടിയിട്ടില്ല. നിരക്ക് കുറയ്ക്കുന്നതോടെ വരുമാനനഷ്ടം ഉണ്ടായാല്‍ അത് നികത്താൻ സംസ്ഥാനങ്ങള്‍ നഷ്ടപരിഹാരം ആവശ്യപ്പെടണമെന്ന് മുൻധനമന്ത്രി ഡോ. തോമസ് ഐസക് അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button