അഫ്ഗാനിസ്താനിൽ കുടിയേറ്റക്കാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 78 മരണം

ഗുസാര : ഇറാനില്‍നിന്ന് മടങ്ങുകയായിരുന്ന അഫ്ഗാന്‍ കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബസ് മറ്റ് രണ്ട് വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 78 പേർ മരിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ഗുസാര ജില്ലയിലെ ഹേറത്ത് പ്രവിശ്യയിലായിരുന്നു അപകടം.
ഇന്ധനം കൊണ്ടുപോവുകയായിരുന്ന ഒരു ട്രക്കിലും ബൈക്കിലും ഇടിച്ച് ബസ് കത്തിയമരുകയായിരുന്നു. മരണപ്പെട്ടവരില്‍ 17 പേര്‍ കുട്ടികളാണ്. ബസ് വലിയതോതില്‍ തീപ്പിടിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനും ബുദ്ധിമുട്ട് നേരിട്ടിരുന്നു. പല മൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത നിലയിലാണെന്ന് മിലിട്ടറി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. അപകടത്തേത്തുടര്‍ന്ന് തീപിടിച്ച ബസും മറ്റ് രണ്ട് വാഹനങ്ങളും റോഡില്‍നിന്ന് നീക്കാനുള്ള ശ്രമം ബുധനാഴ്ചയും പുരോഗമിക്കുകയാണ്.
സെന്‍ട്രല്‍ താലിബാന്‍ ഗവണ്‍മെന്റ് അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അഫ്ഗാനിസ്താനില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ അപകടമാണ് ചൊവ്വാഴ്ചയുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.